കുഴിത്തുറ: മണ്ടയ്ക്കാട്ട് തിരയിൽപ്പെട്ട് സ്കൂൾ വിദ്യാർത്ഥി മരിച്ചു രണ്ടുപേരെ കാണാതായി. മണ്ടയ്ക്കാട് പുത്തൂർ സ്വദേശി മിഹയിൽ നായകത്തിന്റെ മകൻ സച്ചിൻ(14) ആണ് മരിച്ചത്. പുത്തൂർ സ്വദേശികളായ സഹായരജിൻ (12), റഹിത് (13)എന്നിവരാണ് തിരയിൽപ്പെട്ട് കാണാതായത്.ഇന്നലെ ഉച്ചയോടെ പുത്തൂർ സ്വദേശി ആന്റോരക്ഷനും , സച്ചിനും , സഹായരജിനും,രഹിതും ചേർന്ന് കടലിൽ കളിക്കാൻ ഇറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ആന്റോരക്ഷൻ , സച്ചിൻ എന്നിവരെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ സച്ചിൻ ആശുപത്രിയിൽവച്ച് മരിച്ചു. ആന്റോരക്ഷൻ ചികിത്സയിലാണ്. സ്ഥലത്തെത്തിയ മറൈൻ പൊലീസ് ഇൻസ്‌പെക്ടർ സൈറസ് നാട്ടുകാരുടെ സഹായത്തോടെ സഹായരജിനും രഹിത്തിനും വേണ്ടി തെരച്ചിൽ നടത്തുകയാണ്. കുളച്ചൽ മറൈൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.