കിളിമാനൂർ: വൈദ്യുതി അപകടങ്ങൾ പതിവായതിനെ തുടർന്ന് പലസ്ഥലങ്ങളിലും അധികൃതർ ജാഗരൂകരായിരിക്കുമ്പോൾ,
വൈദ്യുതി പോസ്റ്റ് കടപുഴകി നിലത്ത് വീഴാറായിട്ടും ഒരു കുലുക്കവുമില്ലാതിരിക്കുകയാണ് കെ.എസ്.ഇബി കിളിമാനൂർ വൈദ്യുതി സബ്ഡിവിഷൻ. തൊളിക്കുഴി - പുലിയം റോഡിലാണ് ഒരു മാസമായി ഏത് നിമിഷവും മറിഞ്ഞ് വീഴുന്ന രീതിയിൽ അടിഭാഗം ഇളകി പോസ്റ്റ് ചാഞ്ഞ് നിൽക്കുന്നത്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. റോഡിന് മറുഭാഗത്തുള്ള പോസ്റ്റിൽ നിന്നാണ് ലൈൻ ഈ പോസ്റ്റിലേക്ക് വരുന്നത് എന്നുള്ളതിനാൽ റോഡിലേക്ക് തന്നെ വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറുഭാഗത്തെപോസ്റ്റിന്റെയും ലൈനിന്റെയും ബലത്തിലാണ് ഈ പോസ്റ്റ് ഇപ്പോൾ നിൽക്കുന്നത്. വൈദ്യുതി ലൈനുകൾ ഏത് നിമിഷവും പൊട്ടാവുന്ന തരത്തിൽ വലിഞ്ഞ് നിൽക്കുകയാണ്. മഴയും കാറ്റും തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. സ്കൂൾ കുട്ടികളും നാട്ടുകാരും വിവിധ പ്രദേശങ്ങളിലേക്ക് നടന്നും വാഹനങ്ങളിലുമായി പോകുന്ന റോഡാണിത്. സമീപത്തെ വീട്ടുകാരും പേടിച്ചാണ് കഴിയുന്നത്. നിരവധി അപകട മരണങ്ങൾ സംഭവിക്കുന്നതിനാൽ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനുകളും അടിയന്തരമായി ശരിയാക്കി സുരക്ഷിതത്വം നൽകണമെന്ന അടുത്ത കാലത്തെ കോടതി വിധികൾ പോലും കെ.എസ്.ഇ.ബി അധികൃതർ മാനിക്കുന്നില്ലെന്ന് പരാതിയുണ്ട്.