രാഹുൽ ജയകുമാർ ജയകുമാർ മകൻ രാഹുലിനൊപ്പം
തിരുവനന്തപുരം: ആറ്റുനോറ്റുണ്ടായ കൺമണിയെക്കണ്ട് അച്ഛൻ നടുങ്ങി. ജീവനുള്ള ഒരു മാംസപിണ്ഡം. കൈകാലുകൾ ഉള്ളിലേക്കു വളഞ്ഞ രൂപം. ഒച്ചയില്ല, അനക്കമില്ല, കേൾവിശേഷിയില്ല... ക്രമം തെറ്റിയ ശ്വാസം മാത്രുണ്ട്, ജീവന്റെ അടയാളം. വിധിയുടെ ക്രൂരതയിൽ ജയകുമാർ എന്ന അച്ഛൻ പതറിയില്ല. സെറിബ്രൽ പാൾസി രോഗം ബാധിച്ച കുഞ്ഞിന് അഞ്ചുവർഷമാണ് ഡോക്ടർമാർ ആയുസ്സെഴുതിയത്. ആ മകൻ രാഹുൽ ഇതാ ഇരുപത്തിയൊമ്പതാം വയസ്സിൽ സ്കൂബാ ഡൈവിംഗിന് തയ്യാറെടുക്കുന്നു!
അച്ഛന്റെ വിരൽ പിടിച്ച് വിധിയെ വെല്ലുവിളിച്ച രാഹുൽ ഇപ്പോൾ പബ്ളിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. പഠിത്തം, വായന, എഴുത്ത്, ഡ്രൈവിംഗ്.... തിരക്കൊഴിഞ്ഞ നേരമില്ല രാഹുലിന്. ഒപ്പം അച്ഛൻ ജയകുമാറും തിരക്കിലാണ്- രാഹുലിനേക്കാൾ വൈകല്യങ്ങളുള്ള 1200ഓളം കുട്ടികളെ ഉയരങ്ങളിലെത്തിക്കാൻ.
ഇത്തരം കുട്ടികൾക്ക് ജീവിതമൊരുക്കാനായി ജയകുമാർ, പേരന്റ്സ് അസോസിയേഷൻ ഫോർ ഡിസേബിൾഡ് (പാഡ്) എന്ന സംഘടനയുണ്ടാക്കി അഹോരാത്രം പ്രവർത്തിക്കുകയാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിരമിച്ച അുപതുകാരനായ ജയകുമാർ.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ജയകുമാറിന് പറയാനുള്ളത് ഇങ്ങനെ. "എന്റെ മകന് ആകുമെങ്കിൽ നിങ്ങളുടെ കുഞ്ഞിനും സ്വന്തം കാലിൽ നിൽക്കാനാകും. അല്പം പരിശ്രമിക്കണമെന്നു മാത്രം.'' ചികിത്സയ്‌ക്കായി സൗജന്യ ഹെൽത്ത് കാർഡ്, പഠനത്തിന് പണം, വീൽചെയർ പോലുള്ള ഉപകരണങ്ങൾ നൽകൽ, സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ജയകുമാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. ജയകുമാറിന്റെ സന്നദ്ധപ്രവർത്തനത്തിന് ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മകൾ രേണു അവസാനവർഷ ബിരുദ വിദ്യാർത്ഥിനി.
ആദ്യം തളർന്നു, പിന്നെ തുഴഞ്ഞു
നെയ്യാറ്റിൻകര കെ.വി. സദനത്തിൽ മത്സ്യഫെഡ് റിട്ട.ഉദ്യോഗസ്ഥ സുപ്രഭാദേവി ഗർഭിണിയായിരിക്കെ നടത്തിയ സ്‌കാനിംഗിൽ കുഞ്ഞിന് യാതൊരു തകരാറും കണ്ടെത്തിയിരുന്നില്ല. പക്ഷേ, വിധി എല്ലാം മാറ്റിമറിച്ചു. താമസം നഗരത്തിലേക്കു മാറ്റി. സകല ചികിത്സകളും പരീക്ഷിച്ചു. ആശുപത്രികളിലേക്കുള്ള യാത്രകൾ. അതിനിടെ ആറാം വയസിൽ രാഹുലിനെ കുറവൻകോണം യു.പി.എസിൽ ഒന്നാം ക്ലാസിൽ ചേർത്തു. അമ്മയും അച്ഛനും സ്കൂളിൽ മകനു കൂട്ടിരുന്നു. മകനെ സ്വയംപര്യാപ്തമാക്കാൻ ജയകുമാർ ഗവേഷണം നടത്തിക്കൊണ്ടേയിരുന്നു. ഈ ആരോഗ്യപരീക്ഷണങ്ങൾ ചെന്നെത്തിയത് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാണ്. രാഹുലിന്റെ ഏഴാം വയസ് മുതൽ ഏഴു വർഷത്തിനകം എട്ട് ശസ്ത്രക്രിയകൾ. ശാരീരിക വൈകല്യങ്ങൾ കുറഞ്ഞു. നിരന്തര പരിശീലനവും വായനയും അവനെ മിടുക്കനാക്കി.
ഡൽഹിയിൽ തനിച്ചു പോയി രാഹുൽഗാന്ധിയെയും അരവിന്ദ് കേജ്‌രിവാളിനെയും ഇന്റർവ്യൂ ചെയ്ത രാഹുലിനോട് ജീവിത വിജയത്തിന്റെ രഹസ്യം ചോദിച്ചാൽ പറയും:
''എന്നെ ഞാനാക്കിയത് എന്റെ അച്ഛനാണ്''.