തിരുവനന്തപുരം: അമ്പലമുക്കിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം,​ ഉള്ളൂർ, പട്ടം ഭാഗങ്ങളിൽ വെള്ളമെത്തിക്കുന്ന 48 വർഷം പഴക്കമുള്ള 400 എം.എം പ്രമോ പൈപ്പാണ് ഇന്നലെ പുലർച്ചെ 5.15ഓടെ പൊട്ടിയത്. സ്ഥിരമായി പൈപ്പ് പൊട്ടുന്ന അമ്പലമുക്ക് - മുട്ടട റോഡിൽ ശനിയാഴ്ച രാത്രിയോടെ പൈപ്പ് പൊട്ടി ചെറിയ രീതിയിൽ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. അമ്പലമുക്കിലേക്ക് പാറപ്പൊടിയുമായി വന്ന തമിഴ്നാട്ടിൽ നിന്നുള്ള ലോറി കയറിയതോടെ വൻശബ്ദത്തോടെ പൈപ്പ് പൊട്ടുകയായിരുന്നു. ലോറിയുടെ പിൻഭാഗം പകുതിയോളം റോഡിൽ താഴ്ന്നു. പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം കുത്തിയൊഴുകിയതോടെ റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. രാത്രി ഏഴോടെ ജലഅതോറിട്ടി ഉദ്യോഗസ്ഥരെത്തി വാൽവ് അടച്ചു. തുടർന്ന് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊട്ടിയ പൈപ്പ് മുറിച്ചുമാറ്റി പുതിയത് കൂട്ടിച്ചേർത്തു. രാത്രി വൈകിയാണ് പണി അവസാനിച്ചത്. രാത്രിയോടെ പമ്പിംഗ് ആരംഭിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മാത്രമെ ജലവിതരണം പൂർവ സ്ഥിതിയിലാകൂ. മുന്നറിയിപ്പില്ലാതെ വാൽവ് അടച്ചതോടെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടി. ജലക്ഷാമം പരിഹരിക്കുന്നതിന് ടാങ്കറുകളിൽ വാട്ടർ അതോറിട്ടി വെള്ളമെത്തിച്ചു. അമ്പലമുക്ക് പ്രദേശത്ത് നിരന്തരം പൈപ്പ് പൊട്ടുന്നതും റോഡ് തകരുന്നതും നാട്ടുകാർ മുമ്പേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പൈപ്പ് നിരന്തരം പൊട്ടുന്നതിനാൽ ടാർ ചെയ്താൽ നിലനിൽക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ റോഡിൽ പലഭാഗത്തും ഇന്റർലോക്ക് പാകിയിരിക്കുകയാണ്. അമ്പലമുക്ക് ജംഗ്ഷനിൽ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രമോ പൈപ്പുകൾ അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.