businu-thee-pidichappol

കല്ലമ്പലം : നിറുത്തിയിട്ടിരുന്ന മിനി ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണം പെട്രോൾ പമ്പിനു മു൯വശത്തായി ശബ്ദത്തോടുകൂടി ബസിൽ തീ ആളിപ്പടരുകയായിരുന്നു.

തീ പടരുന്നത് പമ്പിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ വർക്കല എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളിലെക്കും പെട്രോൾ പമ്പിലേക്കും തീ പടർന്നില്ല. ഹൈവേ പൊലീസും, കല്ലമ്പലം പൊലീസും ചേർന്ന് ഹൈവേയിലെ വാഹനങ്ങളെ നിയന്ത്രിച്ച് അഗ്നിശമനസേനയുടെ വാഹനങ്ങൾക്ക് വഴിയൊരുക്കി. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ സ്റ്റേഷ൯ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ബിജു, അനീഷ്‌, അനിൽകുമാർ, അഷ്‌റഫ്‌ എന്നിവരടങ്ങുന്ന സംഘവും വർക്കല ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷ൯ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഹാരിസ്, ഉണ്ണികൃഷ്ണ൯ , സജിത്ത്, ദിനേശ്, വിശാഖ്, രാജീവ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് തീ അണച്ചത്. പുതുശ്ശേരി മുക്ക് സുനിൽ നിവാസിൽ റിജുവിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്സ് എന്ന ബസാണ് കത്തിയത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന ബസ്‌ ഭാഗികമായി കത്തി നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു. പാർക്ക് ചെയ്തിരുന്ന വാഹനത്തിന് എങ്ങനെ തീ പിടിച്ചു എന്നത് വ്യക്തമല്ല. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.