palarivattam-bridge

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയിൽ മുൻ പൊതുമരാമത്ത് മന്ത്രിക്കും പങ്കുണ്ടെന്ന് മന്ത്രി ജി. സുധാകരൻ.

'കമ്പിയുടെയും സിമന്റിന്റെയും അളവ് നോക്കലല്ല മന്ത്രിയുടെ ജോലിയെന്നാണ് മുൻ മന്ത്രി പറഞ്ഞത്. തികഞ്ഞ നിർമ്മാണ നിരക്ഷരതയാണിത്"- പ്രഥമ ഓവർസിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ ജി. സുധാകരൻ പറഞ്ഞു.

' പാലത്തിന്റെ നിർമ്മാണം പരിശോധിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഉത്തരവാദിത്തം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചെയർമാനാനായ മന്ത്രിക്കുണ്ട്. മുൻ മന്ത്രിയുടെ വീഴ്ച നിയമപരമായി നിർണയിക്കും. വിജിലൻസ് അന്വേഷണം കഴിയട്ടെ. തെളിവുകൾ ഉള്ളവർ വിജിലൻസിന് കൈമാറണം. പാലത്തിന് തകർച്ചയുണ്ടായപ്പോൾ ഞാൻ ഇടപെട്ട് മദ്രാസ് എൻ.ഐ.ടിയെ പരിശോധനയ്ക്കു നിയോഗിച്ചു. ഡിസൈൻ മുതൽ നിർമ്മാണംവരെ കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്. മന്ത്രിക്ക് ഉത്തരവാദിത്തമില്ലെങ്കിൽ ഞാനും ഇടപെടേണ്ടതില്ലല്ലോ"- സുധാകരൻ ചോദിച്ചു.
കിറ്റ്‌കോ പണം വാങ്ങുന്നതല്ലാതെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പാലം പൊളിച്ചു പണിയേണ്ടതില്ലെന്നും പുതുക്കിയാൽ മതിയെന്നുമാണ് എൻ.ഐ.ടിയുടെ നിഗമനം. പൊളിച്ചു പണിയണമെന്ന് പറഞ്ഞ ഇ. ശ്രീധരനോട് പാലം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നിർദ്ദേശം അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അദ്ധ്യക്ഷത വഹിച്ചു. ദേശീയപാതാ അതോറിറ്റി ചീഫ് എൻജിനീയർ എം.അശോക് കുമാർ, കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഇ.കെ.ഹൈദ്രു, ഹൈജിൻ ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്തിന് വകുപ്പിലെ മുഴുവൻ ഓവർസിയർമാരും പങ്കെടുക്കുന്ന ആദ്യ സമ്മേളനമാണ് തിരുവനന്തപുരത്തു നടന്നത്.