നെടുമങ്ങാട് : കൈയേറ്റം ഒഴിപ്പിക്കാതെയുള്ള റോഡ് നവീകരണം അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി. മൂഴി-പള്ളിമുക്ക് -വേട്ടമ്പള്ളി-വേങ്കവിള റോഡിലാണ് അപകടം തുടർക്കഥയായിരിക്കുന്നത്. പാറപ്പൊടി കയറ്റി വന്ന ടോറസ് ലോറി സ്‌കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി ഭിന്നശേഷിക്കാരന്റെ വീട് തകർത്ത സംഭവമാണ് ഒടുവിലത്തേത്. പത്ത് മീറ്ററോളം വീതിയുണ്ടായിരുന്ന റോഡിൽ രണ്ടു വാഹനങ്ങൾ എതിർദിശയിൽ വന്നാൽ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. പുറമ്പോക്ക് കൈയേറി കൃഷിയും ചുറ്റുമതിൽ നിർമ്മാണവും പൊടിപൊടിക്കുകയാണ്. ഓടകൾ കൈയേറ്റക്കാരുടെ പിടിയിലായതോടെ മഴക്കാലത്ത് റോഡിന്റെ മദ്ധ്യഭാഗത്ത് ചാല് വീണു. കെ.എസ്.ആർ.ടി.സി ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടം നിത്യസംഭവമാണ്. ഇരുചക്രവാഹന യാത്രികർ ചാലിൽ വീണ് പരിക്കേല്ക്കുന്നത് പതിവാണ്. റോഡ് പണിയുടെ ഭാഗമായി പൂർത്തീകരിച്ച ഓടകൾ ഭാവി വികസനത്തെ തടസപ്പെടുത്തുമെന്ന പരാതിയും ശക്തമാണ്.
ജില്ലാപഞ്ചായത്തിന്റെ കീഴിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത് അടുത്തിടെയാണ്. ഏറെക്കാലത്തെ ജനങ്ങളുടെ മുറവിളിക്കൊടുവിലായിരുന്നു നടപടി. മൂന്ന് കി.മീറ്റർ റോഡ് നവീകരിക്കാൻ ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്. ഓടയും കലുങ്കുകളും നിർമ്മിക്കാതെ ടാറിംഗ് മാത്രം നടത്തുന്നതിനെതിരെ സ്ഥലവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടർന്ന്,അനധികൃത കൈയേറ്റങ്ങളിൽ ചിലത് പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുത്ത് നീക്കം ചെയ്തിരുന്നു.എന്നാൽ, ഏറിയഭാഗവും ഇപ്പോഴും തൊട്ടിട്ടില്ല. പ്രാദേശിക നേതാക്കളുടെ സമ്മർദ്ധമാണ് റോഡ് പണി തകിടം മറിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ നിലവിലെ സ്ഥിതി അതേപടി തുടരാനാണ് കരാറുകാരന്റെ നീക്കം. സ്ഥലമെടുത്ത് നൽകിയാൽ മാത്രം കരാർ അനുസരിച്ച് റോഡ് നവീകരിക്കാനും അല്ലെങ്കിൽ റബറൈസ്ഡ് ടാറിംഗ് നടത്തി പണി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.സ്ഥലമെടുപ്പ് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിനെയും പൊതുമരാമത്ത് -റവന്യൂ വകുപ്പ് അധികാരികളെയും ബോദ്ധ്യപ്പെടുത്തിയിട്ടും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് ബന്ധപ്പെട്ടവർ പുലർത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.