വിതുര: പ്രതികൂല കാലാവസ്ഥയെയും അടിസ്ഥാന സൗകര്യമില്ലായ്മയെയും അവഗണിച്ച് പൊൻമുടിയിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്നു. പെരുനാൾ ദിവസം ആരംഭിച്ച സഞ്ചാരികളുടെ പ്രവാഹം ഇപ്പോഴും തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരാഴ്ചയ്ക്കിടയിൽ ഒന്നര ലക്ഷത്തോളം പേരാണ് പൊൻമുടി സന്ദർശിക്കാനെത്തിയത്. പതിനായിരക്കണക്കിന് വാഹനങ്ങളെത്തുന്ന ഇവിടെ മിക്ക ദിവസങ്ങളിലും വാഹനങ്ങളുടെ നിര അപ്പർസാനിറ്റോറിയം മുതൽ കമ്പിമൂട് വരെ നീളും. പാസ് നൽകിയ ഇനത്തിൽ വനംവകുപ്പിന് ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചു.
റെക്കാഡ് തിരക്ക്
ഇക്കഴിഞ്ഞ ഞായറാഴ്ച പൊൻമുടിയിൽ റെക്കാഡ് തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് വൈകിട്ട് വരെ തുടർന്നു. മൂവായിരത്തോളം വാഹനങ്ങളാണ് അന്ന് പൊൻമുടിയിലെത്തിയത്. അപ്പർ സാനിറ്റോറിയം മുതൽ നാല് കിലോമീറ്ററോളം ദൂരം വരെ വാഹനങ്ങളുടെ നിര നീണ്ടു. സഞ്ചാരികളുടെ ബാഹുല്യം നിമിത്തം ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെ കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തി ടൂറിസ്റ്റുകളെ മടക്കി അയച്ചു. വൻ തിരക്ക് മൂലം അന്യജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ പൊൻമുടിയിലെത്താൻ കഴിയാതെ നിരാശയോടെ മടങ്ങി. ഇൗ സീസണിൽ ആദ്യമായാണ് ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നതെന്ന് പൊലീസും വനപാലകരും അറിയിച്ചു. വാഹന തിരക്കുമൂലം പൊൻമുടി - കല്ലാർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഒരു ലക്ഷത്തോളം പേർ ഇന്നലെ പൊൻമുടി സന്ദർശിച്ചപ്പോൾ, 3 ലക്ഷത്തോളം രൂപയുടെ കളക്ഷനാണ് ലഭിച്ചത്.
അകമ്പടിയായി മൂടൽ മഞ്ഞ്
മഴക്കാലം ആരംഭിച്ചതോടെ പൊൻമുടി മൂടൽമഞ്ഞിൽ മുങ്ങിക്കുളിച്ച് സുന്ദരിയായി നിൽക്കുകയാണ്. മഞ്ഞ് വീഴ്ചയുടെ ആധിക്യം നിമിത്തം യാത്രാതടസവും പതിവാണ്. മഴയായതോടെ എ.സിയെ വെല്ലുന്ന തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു ആകാശയാത്രയുടെ ത്രില്ലാണ് ഇപ്പോൾ പൊൻമുടിയിൽ അനുഭവപ്പെടുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.
അവഗണന മാത്രം
ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം ആളുകൾ നെട്ടോട്ടമോടുകയാണ്. മഴയത്ത് കയറി നിൽക്കാൻ ഒരു വെയിറ്റിംഗ് ഷെഡ് പോലും അപ്പർസാനിറ്റോറിയത്തിൽ നിർമ്മിച്ചിട്ടില്ല. സഞ്ചാരികൾ നനഞ്ഞുകുതിർന്നാണ് പൊൻമുടിയുടെ സൗന്ദര്യം ആസ്വദിക്കേണ്ടത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭക്ഷണത്തിനും വരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടികളുടെ പാർക്ക് ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. മാൻപാർക്കും അടച്ചുപൂട്ടി. പൊൻമുടിയുടെ വികസനസ്വപ്നങ്ങൾ നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഇപ്പോഴും കടലാസിലുറങ്ങുകയാണ്.