നേമം: പണപ്പിരിവുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളായണി സ്വദേശി നസീറിനാണ് കുത്തേറ്റത്. ഇക്കഴിഞ്ഞ ജൂൺ 6 നാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കളായ കാരയ്ക്കാമണ്ഡപം സ്വദേശികളായ അഷ്റഫ്, നിസാർ, വെള്ളായണി സ്വദേശി നസീർ എന്നിവർ സംഘടിപ്പിച്ച ഇഫ്താർ സംഗമമാണ് പ്രശ്നഹേതു.
ഇവർ വെള്ളായണി ജംഗ്ഷനിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിരവധി ആൾക്കാർ പങ്കെടുത്തിരുന്നു. എന്നാൽ ഈ പരിപാടിയുടെ പണപ്പിരിവിന്റെ കണക്ക് പരസ്പരം ബോദ്ധ്യപ്പെടുത്തുന്നതിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. അഷ്റഫും നിസാറും ചേർന്ന് കണക്ക് ബോധിപ്പിച്ചില്ലെന്നു പറഞ്ഞ് നസീർ ഇവരുമായി വാക്ക് തർക്കത്തിലായി. വാക്ക് തർക്കത്തിനൊടുവിൽ അഷ്റഫിന് നസീറിന്റെ അടിയേറ്റു. ഇതിന്റെ വൈരാഗ്യത്തിൽ അഷ്റഫും മറ്റ് ചിലരും ചേർന്ന് നസീറിനെ നേമത്തെ സ്വകാര്യ സ്കൂളിന് സമീപത്തുവച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേമം പൊലീസ് കേസെടുത്തു.