ചിറയിൻകീഴ്: ജലസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമിച്ച് ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴും ചിറയിൻകീഴിലെ താമരക്കുളം മാലിന്യങ്ങൾ നിറഞ്ഞ് നശിക്കുന്നതായി പരാതി. ഒരു കാലത്ത് നാടിന്റെ പ്രധാന ജലസ്രോതസായിരുന്ന കുളമാണ് അധികൃതരുടെ പിടിപ്പുകേടു കാരണം ഇന്ന് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈ കുളം കൃഷിക്കായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും ചുറ്റുമതിലും കൽപ്പടവുകളും കെട്ടി അടക്കുകയും ചെയ്തു. കൃഷി ആവശ്യത്തിന് ഉപയോഗിക്കാനായി സമീപത്തെ വയലിലേയ്ക്ക് കുളത്തിൽ നിന്ന് ഓട നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃഷിയിടങ്ങൾ നികത്തുകയും കുളത്തിന് സമീപത്തുകൂടി റോഡ് വരുകയും ചെയ്തതോടെ ഓട അടഞ്ഞു. വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ ഏകദേശം അരയേക്കറോളം വരുന്ന താമരക്കുളം ഇന്ന് നാശോന്മുഖമാണ്. കുളത്തിലെ കൽപ്പടവുകളും സൈഡ് വാളും പൊട്ടിപ്പൊളിഞ്ഞ്, സമീപ പ്രദേശങ്ങളിൽ കുറ്റിച്ചെടികൾ വളർന്ന്, കടവ് പോലും നഷ്ടപ്പെട്ടിട്ട് നാളേറെയായി. മുൻപ് തെളിനീരായി കിടന്നിരുന്ന ഇവിടം ഇപ്പോൾ പായലും കൂത്താടിയുമായി വെള്ളത്തിന്റെ നിറം തന്നെ മാറി ദുർഗന്ധ പൂരിതമായിത്തീർന്നിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ഒലിച്ചെത്തുന്ന മലിനജലം ഈ കുളത്തിലാണ് വന്നിറങ്ങുന്നത്. വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്തതിനാൽ മഴക്കാലത്ത് കുളത്തിൽ വെള്ളം പൊങ്ങി സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻകാലങ്ങളിൽ നാട്ടുകാർ കുളിക്കാനും നീന്തൽ പരിശീലന കേന്ദ്രമായും ഉപയോഗിച്ചിരുന്ന ഇവിടത്തെ വെള്ളത്തിൽ ഇപ്പോൾ തൊടാൻ പോലും ജനങ്ങൾക്ക് ഭയമാണ്. അത്രയ്ക്ക് മലിനമാണ് കുളം. ഇപ്പോഴത്തെ സാഹചര്യത്തിൽ മഴവെള്ളം കെട്ടി നിന്ന് കൊതുകു പെരുകുന്നതോടെ വിവിധ ജലജന്യരോഗങ്ങൾ പടരുമോയെന്നതാണ് നാട്ടുകാരുടെ ആശങ്ക. മുൻകാലങ്ങളിൽ ചിക്കൻഗുനിയ അടക്കമുള്ള രോഗങ്ങൾ പടർന്നുപിടിച്ചപ്പോൾ ഈ മേഖലയെയും സാരമായി ബാധിച്ചിരുന്നു. എത്രയും പെട്ടെന്ന് കുളം വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.