തിരുവനന്തപുരം: പ്രൊഫഷണലിസം കൊണ്ട് മാത്രമേ സമൂഹത്തിന് വളർച്ചയുണ്ടാകൂവെന്നും നിലവിലെ എൻജിനിയറിംഗ് കോളേജുകളിൽ പ്രൊഫഷണലിസം ഉണ്ടാകുന്നില്ലെന്നും ആവശ്യത്തിലധികം എൻജിനിയറിംഗ് കോളേജുകൾ ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ബഹിരാകാശ ഡിപാർട്ട്‌മെന്റിൽ നിന്ന് ചീഫ് എൻജിനിയറായി വിരമിച്ച പി.എ. പ്രഭാകരന്റെ ' ട്രയൽസ് ആൻഡ് ട്രിബുലേഷൻ ഒഫ് ആൻ എൻജിനിയർ ഇൻ പബ്ലിക് സർവീസ് ' എന്ന പുസ്തകം പ്രസ്ക്ലബ്ബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തൻ പുസ്തകം ഏറ്റുവാങ്ങി.
പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ ഇന്ന് മാറിയിരിക്കുന്നു. എൻജിനിയറിംഗ് രംഗത്തെ പ്രശ്നങ്ങൾ മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണം. എങ്ങനെ മികച്ച ആദായം ഉണ്ടാക്കാം എന്ന് മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. സ്വന്തം നേട്ടത്തിനും പണത്തിനും വേണ്ടി ക്രിമിനൽ സ്വഭാവത്തോടെ പ്രവർത്തിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി. അവനവന് സുരക്ഷിതമായ സ്ഥാനങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥർ നിൽക്കുന്നത്. ഭൂരിഭാഗം ഡോക്ടർമാരും ഇന്ന് സ്വകാര്യ പ്രാക്ടീസ് നടത്തി രോഗികളെ പിഴിയുകയാണ്. സാമൂഹ്യ പ്രതിബദ്ധതയും അച്ചടക്കവും കുറഞ്ഞു. ദേശീയപാത വാടകയ്ക്കെടുത്ത് പിരിവ് നടത്തുന്ന ഏർപ്പാടാണ് ഇന്ന് നഗരത്തിൽ കാണുന്നതെന്നും ശരി പറയുന്നവർ ഇന്ന് കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞൻ പി.രാധാകൃഷ്ണൻ, ജോയ് പ്രഭാകരൻ, എസ്.ആർ ശക്തിധരൻ തുടങ്ങിയവർ സംസാരിച്ചു.