തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന മൂന്നംഗ സംഘത്തെ വലിയതുറ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ചവറ സ്വദേശി അമീൻ (29), തൃശൂർ ഗുരുവായൂർ സ്വദേശി ഷമീർ (33), തിരുവനന്തപുരം മുട്ടത്തറ സ്വദേശി മുഹമ്മദ് സിറാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കരുനാഗപ്പള്ളി സ്വദേശി അനസിന്റെ ഇയോൺ കാർ, തൃശൂർ സ്വദേശി ജിഷി കുമാറിന്റെ മാരുതി വാഗൺആർ, അങ്കമാലി സ്വദേശി സുനിൽ പി.ജെയുടെ ഉടമസ്ഥതയിലുള്ളതും തൃശൂർ സ്വദേശി ആൽബിൻ വാങ്ങിയതുമായ ഇന്നോവ എന്നിവ അമീനും ഷമീറും രണ്ട് ദിവസത്തേക്ക് വാടകയ്ക്കെടുത്തു. തുടർന്ന് വാഗൺ ആറും ഇന്നോവയും വിൽക്കുന്നതിനായി തിരുവനന്തപുരത്തെത്തി സിറാജുമായി ചേർന്ന് പേരൂർക്കട സ്വദേശിയെ സമീപിച്ചു. എന്നാൽ, വാഹനത്തിന്റെ രേഖകൾ ഇല്ലാത്തതിനാലും യഥാർത്ഥ ഉടമകളെ കാണാത്തതിനാലും അയാൾ വാഹനം വാങ്ങാൻ വിസമ്മതിച്ചു.തുടർന്ന്, മൂന്ന് ദിവസത്തിനുള്ളിൽ ഉടമയെയും രേഖകളും ഹാജരാക്കാമെന്ന ഉറപ്പിൽ ഇന്നോവ 2500 രൂപയ്ക്കും വാഗൺ ആർ 1500 രൂപയ്ക്കും ദിവസവാടകയ്ക്ക് നൽകിയ ശേഷം പ്രതികൾ മടങ്ങിപ്പോയി. ഇതിനിടെ മറ്റൊരാൾ വാങ്ങാൻ തയ്യാറായതോടെ പ്രതികൾ പേരൂർക്കട സ്വദേശിയോട് വാഹനങ്ങൾ തിരികെ ആവശ്യപ്പെട്ടു. വാഹനങ്ങൾ ഓട്ടം പോയിരിക്കുകയാണെന്നും രണ്ട് ദിവസത്തിനകം വിട്ടുതരാമെന്നും അയാൾ പറഞ്ഞു. എന്നാൽ, ഇന്നോവയുടെ ജി.പി.എസ് ലൊക്കേഷൻ മനസിലാക്കി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസ് പിടിയിലാകുകയായിരുന്നു. സിറാജിന്റെ പേരിൽ ചാത്തന്നൂർ, ആലുവ, തിരുവനന്തപുരം ജില്ലയിലെ തുമ്പ,നെടുമങ്ങാട് സ്റ്റേഷനുകളിൽ ഭവനഭേദനമടക്കമുള്ള കേസുകൾ നിലവിലുണ്ട്.
വലിയതുറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.കെ.ഷെറി, എസ്.ഐ പ്രദീപ് കുമാർ, ഫ്രാൻസിസ്, അശോകൻ, എ.എസ്.ഐ ഇമാമുദ്ദീൻ, സണ്ണി, സി.പി.ഒമാരായ ബിനു അനീഷ്, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.