തിരുവനന്തപുരം: കൊട്ടാരക്കര വാളകത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യ നിലയിൽ പുരോഗതി. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശിന് മുഖത്തിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള പൊള്ളലുണ്ട്. ഇടതുകൈയ്ക്കും പൊള്ളലുണ്ട്. ബേൺസ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന പ്രകാശിന് 35 ശതമാനം പൊള്ളലുള്ളതിനാൽ 48 മണിക്കൂറിനു ശേഷമേ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി പറയാൻ കഴിയൂവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. 18-ാം വാർഡിൽ ചികിത്സയിലുള്ള ബസ് കണ്ടക്ടർ പള്ളിക്കൽ സ്വദേശി സജീമിന്റെ (41) ആരോഗ്യനില മെച്ചപ്പെട്ടു. സി.ടി സ്‌കാൻ പരിശോധനയിൽ സജീമിന്റെ തലയ്ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് തെളിഞ്ഞെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.