തിരുവനന്തപുരം:ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ മാസങ്ങളായി പുകഞ്ഞുനീറിയ തർക്കം പിളർപ്പിൽ കലാശിച്ചതോടെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിൽ നിയമയുദ്ധത്തിന് കളമൊരുങ്ങി.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ആവർത്തിച്ചു നിരസിച്ച പി.ജെ. ജോസഫിനെ വെല്ലുവിളിച്ചാണ് ജോസ് വിഭാഗം ഇന്നലെ യോഗം ചേന്ന് ജോസ് കെ. മാണിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്. അതേസമയം, ഇന്നലത്തെ യോഗം പാർട്ടിഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ആർക്കെങ്കിലും വിളിക്കാനുള്ളതല്ല സംസ്ഥാന കമ്മിറ്റി യോഗമെന്നും, യോഗതീരുമാനം നിലനിൽക്കില്ലെന്നും ജോസഫ് പ്രതികരിച്ചതോടെ ഇരുപക്ഷവും നിയമ യുദ്ധത്തിനു കച്ചമുറുക്കുകയാണെന്ന് വ്യക്തമായി.
ഔദ്യോഗിക പദവിയിൽ അവകാശവാദവുമായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇതിനൊപ്പം, ജോസ് പക്ഷം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്‌ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് പക്ഷം കോടതിയെയും സമീപിക്കും.
അഞ്ച് എം.എൽ.എമാരിൽ റോഷി അഗസ്റ്റിനും പ്രൊഫ. എൻ. ജയരാജും ജോസ് കെ. മാണി പക്ഷത്താണ്. പി.ജെ. ജോസഫും മോൻസ് ജോസഫും മറുപക്ഷത്തും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് തത്കാലം നിഷ്പക്ഷ നിലപാടിലാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടമനുസരിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ഔദ്യോഗിക പക്ഷമായി അംഗീകരിക്കപ്പെടാൻ വേണ്ടത്. തോമസ് തനിക്കൊപ്പം നിൽക്കുമെന്നാണ് ജോസഫിന്റെ പ്രതീക്ഷ.
കമ്മിഷന്റെ തീർപ്പനുസരിച്ചാണ് കൂറുമാറ്റ വിഷയം തീരുമാനിക്കപ്പെടുക. ജോസ് കെ. മാണി വിഭാഗത്തെ ഔദ്യോഗിക പക്ഷമായി അംഗീകരിച്ചാൽ, അവരുടെ രണ്ടംഗങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കും. മൂന്നു പേരുമായി ജോസഫ് പക്ഷത്തിന് പ്രത്യേക പാർട്ടിയായി സഭയിൽ തുടരാം. മറിച്ച്, ജോസഫ് വിഭാഗത്തിനാണ് ഔദ്യോഗിക പദവി ലഭിക്കുന്നതെങ്കിൽ മറുപക്ഷത്തെ രണ്ട് എം.എൽ.എമാർ അയോഗ്യരാകും.
പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണിയാണ് ഇന്നലെ സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ കമ്മിറ്റിയോഗം വിളിച്ചത്. താനറിയാതെ വിളിച്ച സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കരുതെന്ന് ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് ജോസഫ് നൽകിയ നിർദ്ദേശം ലംഘിച്ചു നടന്ന യോഗത്തിൽ 312 പേർ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം വർക്കിംഗ് ചെയർമാൻ ആവർത്തിച്ച് നിരസിച്ച സാഹചര്യത്തിലാണ് ഭൂരിപക്ഷം അംഗങ്ങൾ അതിനു തീരുമാനിച്ചത്. ഔദ്യോഗിക പക്ഷ പദവിക്കായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും.
- ജോസ് കെ. മാണി, ചെയർമാൻ
ആർക്കെങ്കിലും വിളിക്കാനുള്ളതല്ല സംസ്ഥാന കമ്മിറ്റി. യോഗത്തിൽ പങ്കെടുത്ത പലരും കമ്മിറ്റി അംഗങ്ങളല്ല. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് വെറും ആൾക്കൂട്ടമാണ്.
- പി.ജെ. ജോസഫ്, വർക്കിംഗ് ചെയർമാൻ