shan

തിരുവനന്തപുരം: വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി സ്വദേശി ഷാൻ എന്ന ഷഹനാസ് ഖാനെയാണ് (28)​ വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. വള്ളക്കടവ് പ്രിയദർശിനി നഗർ സ്വദേശി സുനിതയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുനിതയുടെ സഹോദരൻ ബിലാൽ ഷാനിൽ നിന്ന് രണ്ടര ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതിൽ രണ്ട് ലക്ഷം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 50,​000 രൂപ നൽകാത്തതിനെ തുടർന്നാണ് ഷാൻ ബലമായി വാഹനം എടുത്തുകൊണ്ടുപോയത്. സുനിതയുടെ മറ്രൊരു സഹോദരൻ ഷഫീറിന്റെ കാറായിരുന്നു ഇത്. ഇത് സംബന്ധിച്ച് ഷഫീർ വലിയതുറ പൊലീസിൽ പരാതി നൽകിയതനുസരിച്ച് കേസെടുത്തിരുന്നു. തന്നെ പൊലീസ് തെരയുന്നുണ്ടെന്ന് മനസിലാക്കിയ ഷാൻ ബീമാപള്ളി സദ്ദാം നഗറിലുള്ള ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് കാർ പാർക്ക് ചെയ്‌ത ശേഷം ടാർപോളിൻ കൊണ്ടുമൂടി ഒളിപ്പിച്ചു. പൊലീസ് കാർ കണ്ടെത്തിയാൽ എടുത്തുകൊണ്ടു പോകാതിരിക്കുന്നതിന് മുമ്പിൽ മറ്റൊരു ഇന്നോവ കാറും കൊണ്ടിട്ടു. പിന്നീട് പിടിയിലായ ഷാൻ തന്നെയാണ് കാർ ഒളിപ്പിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയതുറ ഇൻസ്‌പെക്ടർ എ.കെ. ഷെറി,​ സബ് ഇൻസ്‌പെക്ടർമാരായ പ്രദീപ് കുമാർ,​ ട്വിങ്കിൾ ശശി,​ പത്മകുമാർ,​ അസിസ്റ്റന്റ് എസ്.ഐ മനോഹരൻ,​ സി.പി.ഒമാരായ സുരേഷ്,​ സാബു,​ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഷാനിനെ റിമാൻഡ് ചെയ്‌തു.