2

വിഴിഞ്ഞം: മൂന്നാർ മാങ്കുളം ആനക്കുളം വല്യ പാറക്കുട്ടിക്ക് സമീപം പുഴയിൽ മുങ്ങി മരിച്ച മിഥുൻ കൃഷ്ണൻ നാടിന് നൊമ്പരമായി. ഡി.വൈ.എഫ്.ഐ മാവുവിള യൂണിറ്റ് അംഗമായിരുന്ന മിഥുൻ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ വിഭാഗം ജീവനക്കാരനായിരുന്ന മിഥുൻ നാട്ടിലെത്തിയാൽ എപ്പോഴും സുഹൃത്തുക്കൾക്കൊപ്പമുണ്ടാകും.

മിഥുന്റെ വേർപാട് സുഹൃത്തുക്കൾക്ക് വലിയൊരു ആഘാതമായിരുന്നു. രാത്രി വരെയും മരണം സംഭവിച്ചുവെന്ന് കൂട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല. എന്തോ അപകടം പറ്റി എന്നു മാത്രമാണ് അറിഞ്ഞത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിന്ന മിഥുൻ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചതെന്നും ജോലി കിട്ടിയതിൽ അതീവ സന്തോഷവാനായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. പെരിങ്ങമ്മലയിലാണ് മിഥുന്റെ കുടുംബം വർഷങ്ങളായി താമസിച്ചിരുന്നത്. ഈയടുത്ത കാലത്ത് വീട് വച്ച് കല്ലിയൂർ കുഴിതാലച്ചലിലേക്ക് മാറുകയായിരുന്നു. മിഥുന്റെ അച്ഛൻ വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുൻപാണ് മിഥുന് ജോലി ലഭിച്ചത്. ഒരാഴ്ച മുൻപ് നാട്ടിൽ വന്നു മടങ്ങിയിരുന്നു.

കല്ലിയൂർ കുഴിതാലച്ചൽ കൃഷ്ണേന്ദുവിൽ മുരുകന്റെയും സുജയുടെയും മകനാണ്.

സഹോദരി: കൃഷ്ണേന്ദു.