vld-1-

വെള്ളറട : യോഗം പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ച് അവകാശങ്ങൾ നേടിയെടുക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണീയരുടെ വോട്ടുവാങ്ങി ഭരണത്തിലെത്തുന്നവർ സംഘടിത വിഭാഗങ്ങളുടെ സംരക്ഷകരാകുകയാണ്. മത മേലദ്ധ്യക്ഷൻമാർക്ക് പോലും ജാതി സർട്ടിഫിക്കറ്റ് കൊടുക്കാമെന്ന സ്ഥിതിയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നതിലും യോഗത്തിനെ മാറ്റിനിറുത്തുന്ന നിലപാടാണ് ഭരണത്തിലെത്തിയ ഇരുമുന്നണികളുടേതും.നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ യോഗം പ്രവർത്തകർ ഒന്നായി പ്രവർത്തിച്ചേ മതിയാകൂ- യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.

കുട്ടമല എസ്.എൻ.ഡി.പി ശാഖാ യോഗം നിർമ്മിച്ച ശാഖാ മന്ദിരത്തിന്റെയും കുട്ടമല ശാഖയും നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയനും സംയുക്തമായി 'ഗുരു ഭവനം" പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ യോഗം എടുത്ത നിലപാട് ശരിയായിരുന്നു. അഞ്ച് ദേവസ്വം ബോർഡുകളിലും പിന്നാക്ക വിഭാഗത്തിന് അർഹമായ പ്രാതിനിധ്യമില്ല. അവിടെയും ജാതി വിവേചനമാണ് നിലനിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗരുഭവനം പദ്ധതിയുടെ താക്കോൽദാനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിച്ചു.

ശാഖാ പ്രസിഡന്റ് കെ. സന്തോഷ് ചൈതന്യ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ബാഹുലേയൻ, നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, യൂണിയൻ സെക്രട്ടറി ആവണി വി. ശ്രീകണ്ഠൻ, അജി എസ്.ആർ.എം യൂണിയൻ വൈസ് പ്രസിഡ‌ന്റ് കിരൺ ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ട് ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ അശോക് കുമാർ, സി.കെ സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. മുകുന്ദൻ, കള്ളിക്കാട് ശ്രീനിവാസൻ, ഉദയകുമാർ ആലം തറയ്ക്കൽ, മാരായമുട്ടം സജിത്, ആലുവിള അജിത്, വൈ.എസ് കുമാർ, ഉഷ ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ആർ. ചന്ദ്രകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ കുഴിയാർ നന്ദിയും പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ജനറൽ സെക്രട്ടറി വിതരണം ചെയ്തു.

ഫോട്ടോ: കുട്ടമല എസ്.എൻ.ഡി.പി ശാഖാ യോഗം നിർമ്മിച്ച ശാഖാ മന്ദിരത്തിന്റെയും നെയ്യാറ്റിൻകര യൂണിയനും കുട്ടമല ശാഖയും സംയുക്തമായി 'ഗുരു ഭവനം" പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, യൂണിയൻ പ്രസിഡന്റ് കെ.വി സൂരജ് കുമാർ, സെക്രട്ടറി ആവണി വി. ശ്രീകണ്ഠൻ തുടങ്ങിയവർ സമീപം