വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് കേരളരാഷ്ട്രീയത്തിൽ അതികായൻ തന്നെയായിരുന്ന കെ.എം. മാണിയായിരുന്നു. പിളരുകയും വളരുകയും പിന്നെയും പിളരുകയും ചെയ്തുകൊണ്ടേയിരിക്കുന്ന കേരള കോൺഗ്രസിൽ, മാണിയുടെ വേർപാടിന് ശേഷം സംഭവിച്ചത് അനിവാര്യമായ മറ്റൊരു പിളർപ്പ്. ഒരുപക്ഷേ, മാണിയുടെ കാലത്ത് തന്നെ സംഭവിച്ചേക്കുമെന്ന് കരുതിയതുമാണിത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റിനായി തർക്കിച്ചു നിന്ന പി.ജെ. ജോസഫ് ഒടുവിൽ കീഴടങ്ങിയത് കൊണ്ട് മാത്രം നടക്കാതെ പോയ പിളർപ്പ് ഇപ്പോൾ സംഭവിച്ചെന്നേ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുള്ളൂ . മാണി അന്തരിച്ച ഒഴിവിൽ പാലായിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിൽ സംഭവിച്ച ഈ പിളർപ്പ് യു.ഡി.എഫിനകത്ത് ഉദ്വേഗത്തിന്റെ മുൾമുന സൃഷ്ടിക്കുന്നുണ്ടെങ്കിലും.
പ്രാദേശിക പാർട്ടികൾ കാര്യങ്ങൾ നിശ്ചയിച്ചുവന്ന സ്ഥിതിയിൽ നിന്ന് മാറി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇന്ന് ഇന്ത്യൻ പാർലമെന്റിൽ വിജയിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്. പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയോ എന്ന് ചോദിച്ചാൽ പറയാൻ വരട്ടെ എന്നു തന്നെയാണ് വിലയിരുത്താനാവുക. ഇന്ത്യൻ രാഷ്ട്രീയകാലാവസ്ഥ എങ്ങനെയും മാറി വരാം. പല സംസ്ഥാനങ്ങളിലും ഇന്നും രാഷ്ട്രീയ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് പ്രാദേശികകക്ഷികൾ തന്നെയാണ്. എന്നാൽ കേരളത്തിലെ ശക്തമായ പ്രാദേശികകക്ഷിയായ കേരള കോൺഗ്രസിന് അത്തരമൊരു മേനി അവകാശപ്പെടാനുണ്ടോ? നിയമസഭയിലെയും മറ്റും ഇന്നത്തെ കക്ഷിബലം നോക്കിയാൽ അതില്ലെന്ന് പറയാമെങ്കിലും ആഴത്തിൽ ചിന്തിച്ചാൽ അങ്ങനെയല്ലെന്നാണ് ഉത്തരം. മദ്ധ്യകേരളത്തിൽ ഇപ്പോഴും ചിതറിത്തെറിച്ച് നിൽക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക് മേൽ ഇടത്, വലത് മുന്നണികൾ കണ്ണെറിയുന്നതെന്തു കൊണ്ടെന്ന് ചിന്തിച്ചാൽ അതിന്റെ കാരണമറിയാം.
സുറിയാനി കത്തോലിക്കർക്ക് ഭൂരിപക്ഷം അവകാശപ്പെടാവുന്ന കോട്ടയം, ഇടുക്കി, എറണാകുളം ബെൽറ്റുകളിൽ കേരള കോൺഗ്രസുകളെ അല്ലെങ്കിൽ കേരള കോൺഗ്രസിനെ അവഗണിച്ച് ഒരു മുന്നണിക്കും സഞ്ചരിക്കാനാവില്ല. യു.ഡി.എഫും എൽ.ഡി.എഫും ഏതെങ്കിലും പ്രബല കേരള കോൺഗ്രസിനെ കൂടെ നിറുത്താൻ മത്സരിക്കുന്നത് അതുകൊണ്ടാണ്. പിളരുന്തോറും കേരള കോൺഗ്രസ് വളരുക തന്നെയാണെന്ന് കെ.എം. മാണി ആത്മവിശ്വാസത്തോടെ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതും അതുകൊണ്ടാവണം.എന്നാൽ ഇപ്പോൾ പിളർന്നതിലൂടെ വളരുകയാണോ?തളരുകയാണോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
1964ൽ മന്നത്ത് പത്മനാഭന്റെ ആശീർവാദത്തോടെ തുടക്കം കുറിച്ച കേരള കോൺഗ്രസിൽ ആദ്യത്തെ ഔദ്യോഗിക പിളർപ്പുണ്ടായത് 1976ലായിരുന്നു. പാർട്ടി ചെയർമാൻസ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും സ്ഥാപകനേതാവായിരുന്ന കെ.എം. ജോർജ് തന്നെ വഹിക്കുന്നതിനെതിരെ കെ.എം. മാണിയാണ് കലാപമുയർത്തിയതും പിളർപ്പിലേക്കെത്തിച്ചതും. മാണിഗ്രൂപ്പിന്റെ ഉദയം അങ്ങനെയായിരുന്നു. ആ വർഷം ഡിസംബറിൽ കെ.എം. ജോർജ് നിര്യാതനായതോടെ ആർ. ബാലകൃഷ്ണപിള്ള മറുഗ്രൂപ്പിന്റെ നേതൃസ്ഥാനമേറ്റെടുത്തു. അങ്ങനെ അത് പിള്ള ഗ്രൂപ്പായി. 77ലെ തിരഞ്ഞെടുപ്പിൽ അവർ ഇടത് ചേരിയിലായി, പിന്നീട് ജനതാപാർട്ടിയിൽ ലയിച്ചു. 77ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -മാണിക്ക് 20 എം.എൽ.എമാരുടെ അംഗബലമുണ്ടായപ്പോൾ പിള്ള ഗ്രൂപ്പിന് രണ്ട് പേരേ ഉണ്ടായുള്ളൂ.
മാണിഗ്രൂപ്പിൽ ക്രമേണ തർക്കം ഉടലെടുത്തു തുടങ്ങി. 1979ൽ മാണിയോട് കലഹിച്ച് പുറത്ത് പോയത് പി.ജെ. ജോസഫ്. മാണിക്കെതിരെയുണ്ടായ തിരഞ്ഞെടുപ്പ് കേസിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയും ജോസഫ് പകരം മന്ത്രിയാവുകയും ചെയ്തിരുന്നു. പാർട്ടി ചെയർമാനെ ചൊല്ലിയുള്ള തർക്കത്തിലാണ് ജോസഫ് വേർപിരിയുന്നത്. 1982 ആയപ്പോഴേക്കും പിണക്കം മാറി വീണ്ടും ഒന്നായി.
1984ൽ കേരളകോൺഗ്രസിന് നാലായിരുന്നു മന്ത്രിമാർ. ധനകാര്യം മാണിക്ക്. കൂട്ടത്തിലൊരാളായ ആർ. ബാലകൃഷ്ണപിള്ള റെയിൽപദ്ധതി കേരളത്തിന് നഷ്ടമായപ്പോൾ പഞ്ചാബ് ചെയ്തത് പോലെ ചെയ്താലേ വികസനം വരൂവെന്ന് എറണാകുളം രാജേന്ദ്രമൈതാനത്ത് പ്രസംഗിച്ചത് വിവാദമായി. പഞ്ചാബ് മോഡൽ പ്രസംഗത്തിന് പിള്ളയ്ക്ക് മന്ത്രിസ്ഥാനം പോയി. അന്ന് മാണി പിള്ളയ്ക്കൊപ്പം നിന്നില്ലെന്നായിരുന്നു മുഖ്യ ആക്ഷേപം. ജോസഫ് പുറമേക്ക് പിള്ളയെ തുണച്ചുനിന്നു. പിള്ള പോയതോടെ മന്ത്രിസഭ അഴിച്ചുപണിത മുഖ്യമന്ത്രി കെ.കരുണാകരൻ മാണിയിൽ നിന്ന് ധനകാര്യവകുപ്പെടുത്ത് തച്ചടി പ്രഭാകരനെ പ്രതിഷ്ഠിച്ചു. മാണിക്ക് ജലവകുപ്പ് നൽകി. പിള്ളയുടെ പേരിലുടലെടുത്ത ശീതസമരം മൂർച്ഛിച്ച് ക്രമേണ പി.ജെ. ജോസഫ് പക്ഷം മാണിഗ്രൂപ്പിൽ നിന്നകന്നത് പിളർപ്പിലേക്ക് കാര്യങ്ങളെത്തിച്ചു. മാണിയുടെ പിളർപ്പ് സിദ്ധാന്തം പുറത്തുവരുന്നത് ഈ ഘട്ടത്തിലായിരുന്നു. 1987ൽ മാണി, ജോസഫ് വിഭാഗങ്ങൾ വെവ്വേറെ കക്ഷികളായി യു.ഡി.എഫിൽ മത്സരിച്ചപ്പോൾ മാണിക്ക് നാലും ജോസഫിന് അഞ്ചും എം.എൽ.എമാരെ കിട്ടി. 89ലാണ് മുന്നണിയോട് ജോസഫ് അകലുന്നതും മൂവാറ്റുപുഴ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും. 91 ആയപ്പോഴേക്കും ജോസഫ് ഇടത് പാളയത്തിലെത്തി. 89ൽ ജോസഫിന്റെ നിലപാടിനോട് വിയോജിച്ച് ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്-ബി രൂപീകരിച്ചപ്പോൾ കൂറുമാറ്റനിരോധന നിയമം ബാധകമായി എം.എൽ.എസ്ഥാനമൊഴിഞ്ഞു.
ഇതിനിടയിൽ മാണിഗ്രൂപ്പിൽ നിന്ന് തെറ്റി ടി.എം. ജേക്കബ് മറ്റൊരു കേരള കോൺഗ്രസുണ്ടാക്കിയിരുന്നു. 2011 വരെ ജോസഫ് ഇടതുമുന്നണിയിൽ തുടർന്നു. കത്തോലിക്കാ സഭാദ്ധ്യക്ഷന്മാരുടെ കാർമ്മികത്വത്തിലാണ് പിന്നീട് വീണ്ടും മാണിയും ജോസഫും ഒന്നിക്കുന്നത്. മുമ്പത്തേതിന്റെ ആവർത്തനമെന്നത് പോലെയാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയെത്തിയപ്പോൾ ഇരുപക്ഷങ്ങളും അകൽച്ചയിലേക്ക് നീങ്ങിത്തുടങ്ങിയത്.
കർഷകരുടെ പാർട്ടിയെന്ന് പുറമേക്ക് പറയുന്ന കേരള കോൺഗ്രസിന്റെ കരുത്തെന്ന് പറയാവുന്നത് കത്തോലിക്കാസഭയുടെ ആശീർവാദം തന്നെ. ഇന്നിപ്പോൾ കേരളരാഷ്ട്രീയത്തിൽ പ്രബലമായിക്കൊണ്ടിരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും മദ്ധ്യകേരളത്തിൽ കണ്ണുവയ്ക്കുന്നത് കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ. ചെറു കഷണങ്ങളെല്ലാം ചേർത്ത് മൂന്ന് മുന്നണികളിലുമായി 7- 8 കേരള കോൺഗ്രസ് ഗ്രൂപ്പുകളെങ്കിലും ഇന്നുണ്ട്. പാർലമെന്ററി പ്രാതിനിദ്ധ്യം വച്ചുനോക്കിയാൽ തീർത്തും ശുഷ്കമാണെങ്കിലും മദ്ധ്യകേരളത്തിലെ സുറിയാനി കത്തോലിക്കർക്കിടയിൽ കേരള കോൺഗ്രസ് ശാക്തികചേരിയായി നിൽക്കുന്നിടത്തോളം കാലം കേരളരാഷ്ട്രീയത്തിൽ അവർക്കുള്ള പ്രസക്തി തുടരുക തന്നെ ചെയ്യുമെന്നാണ് അവരുടെ വിശ്വാസം.