അർജന്റീനയെ 2-0 ത്തിന് കൊളംബിയ
തോൽപ്പിച്ചു
സാവോപോളോ : കിരീട സ്വപ്നങ്ങളുമായി ഇറങ്ങിയ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ആദ്യമത്സരത്തിൽത്തന്നെ അടിതെറ്റി. ഇന്നലെ കൊളംബിയയോട് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അർജന്റീന തോൽക്കുകയായിരുന്നു.
1993 നുശേഷം ഇതുവരെ അന്താരാഷ്ട്ര കിരീടങ്ങൾ ഒന്നും നേടിയിട്ടില്ലാത്ത അർജന്റീനക്കാർ കഴിഞ്ഞ രണ്ട് കോപ്പകളുടെയും ഫൈനലിലെത്തിയാണ് തകർന്നതെങ്കിൽ ഇക്കുറി തുടക്കത്തിൽ തന്നെ നിരാശപ്പെടുത്തുകയാണ്. ബാഴ്സലോണ ക്ളബിനുവേണ്ടി ഇൗ സീസണിലും ഗോളുകൾ അടിച്ചുകൂട്ടിയ സൂപ്പർതാരം ലയണൽ മെസി രാജ്യത്തിന്റെ കുപ്പായത്തിൽ നിഷ്‌ക്രിയനായി മാറിയതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. മെസിക്ക് മാത്രമല്ല സെർജി അഗ്യൂറോ, ഏൻജർ ഡി മരിയ എന്നിവർക്കും മത്സരത്തിൽ ഒന്നും ചെയ്യാനായില്ല.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 71-ാം മിനിട്ടിൽ റോജർ മാർട്ടിനെസും 86-ാം മിനിട്ടിൽ ഡുവാൻ സപാറ്റയുമാണ് കൊളംബിയയ്ക്കുവേണ്ടി സ്കോർ ചെയ്തത്. ഫസ്റ്റ് ഇലവനിൽ ഇല്ലാതിരുന്ന മാർട്ടിനസ് 14-ാം മിനിട്ടിൽ മുറിയേലിന് പരിക്കേറ്റപ്പോൾ പകരമിറങ്ങിയതാണ്.
ഗ്രൂപ്പ് റൗണ്ടിൽ പരാഗ്വേ, ഖത്തർ എന്നിവരുമായാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്നിൽ സമനിലയിലായാൽപോലും ക്വാർട്ടർ ഫൈനൽ പ്രവേശനം തുലാസിലാകും.