മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കൈലാത്തുകോണത്ത് സ്ഥാപിക്കാൻ പോകുന്ന ട്രാൻസ്‌ഫോർമർ നിർമ്മാണ യൂണിറ്റിനെതിരെ ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ട്രാൻസ്‌ഫോർമർ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ സ്ഥാപിച്ചിരുന്ന ബോർഡ് കമ്പനി ഉടമകൾ നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഭാവനാ ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച ജാഥ ഫാക്ടറി ഗേറ്റിനു മുന്നിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറും ആക്‌ഷൻ കൗൺസിൽ ചെയർമാനുമായ കെ. ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്‌തു. കൺവീനർ എസ്. ബാബു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ശശികുമാർ, എസ്.സുകു എന്നിവർ സംസാരിച്ചു. ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ സമരം തുടരുമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.