7-ാം വട്ടവും പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യൻ പടയോട്ടം
മാഞ്ചസ്റ്റർ : ടോസ് നഷ്ടമായിട്ടും ആദ്യ ബാറ്റിംഗിന് കിട്ടിയ അവസരം ശരിക്കും മുതലാക്കിയ ഇന്ത്യയ്ക്ക് 336/5 ലെത്താൻ സഹായകമായത് രോഹിത് ശർമ്മയുടെ സെഞ്ച്വറിയും (140), കെ.എൽ. രാഹുലിന്റെയും (57), ക്യാപ്ടൻ കൊഹ്ലിയുടെയും (77) അർദ്ധ സെഞ്ച്വറികളുമാണ്.78 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയ രാഹുൽ രോഹിതിനൊപ്പം കൂട്ടിച്ചേർത്തത് 136 റൺസ്. 13 പന്തുകളിൽ 14 ബൗണ്ടറികളും മൂന്ന് സിക്സുകളുംപായിച്ച രോഹിത് കൊഹ്ലിക്കൊപ്പം98 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. 65 പന്തുകളിൽ ഏഴ് ഫോറുകൾ പായിച്ച കൊഹ്‌ലി ഡിസിഷൻ റിവ്യൂവിന് നിൽക്കാതെ ഒൗട്ട് സമ്മതിച്ച് മടങ്ങിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ സെഞ്ച്വറിയിലെത്തിയേനെ. ഹാർദിക് പാണ്ഡ്യ 19 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 26 റൺസടിച്ച് തന്റെ റോൾ ഭംഗിയാക്കി. ധോണി (1) പുറത്തായപ്പോൾ വിജയ് ശങ്കർ (15) , കേദാർ യാദവ് (9) എന്നിവർ പുറത്താകാതെ നിന്നു.
പാകിസ്ഥാനുവേണ്ടി ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസൻ അലിക്കും വഹാബ് റിയാസിനും ഒാരോ വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് അഞ്ചാം ഒാവറിൽ ആദ്യവിക്കറ്റ് നഷ്ടമായി. ബൗളിംഗിനെ വിരലിന് പരിക്കേറ്റ ഭുവനേശ്വറിന്റെ ഒാവർ പൂർത്തിയാക്കാനെത്തിയ വിജയ് ശങ്കർ തന്റെ ആദ്യ പന്തിൽത്തന്നെ ഇമാം ഉൽ ഹഖിനെ (7) എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ഫഖാർ സമാനും (62) ബാബർ അസമും (48) ചേർന്ന് ചെറുത്തുനിൽക്കാൻ തുടങ്ങി.24-ാം ഒാവർ വരെ ഇൗ സഖ്യം ക്രീസിലുണ്ടായിരുന്നു. പക്ഷേ പാകിസ്ഥാൻ ആരാമകരുടെ മുഴുവൻ ഹൃദയം സ്തംഭിപ്പിച്ച് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത് കുൽദീപ് യാദവിന്റെ മാരക സ്പിൻ ബൗളിംഗാണ്.24-ാം ഒാവറിൽ കുൽദീപിന്റെ കുത്തിത്തിരിഞ്ഞ പന്തിൽ ബാബർ അസമിന്റെ കുറ്റിതെറിച്ചു.26-ാം ഒാവറിൽ ഫഖർ സമാനെയും കുൽദീപ് കൂടാരം കയറ്റിയതോടെ കളി ഇന്ത്യയുടെ കയ്യിലെത്തി. ചഹലിനായിരുന്നു ഫഖർ സമാന്റെ ക്യാച്ച്. ഇതോടെ പാകിസ്ഥാൻ 126/3 എന്ന നിലയിലെത്തി.
തുടർന്ന് ഹാർദിക്ക് പാണ്ഡ്യയുടെ ഉൗഴമായിരുന്നു. 27-ാം ഒാവറിന്റെ അവസാന രണ്ട് പന്തുകളിലായി പാണ്ഡ്യ പുറത്താക്കിയത് മുഹമ്മദ് ഹഫീസിനെയും (9) ഷൊയ്ബ് മാലിക്കിനെയും. ഹഫീസ് വിജയ് ശങ്കറിന് ക്യാച്ച് നൽകിയപ്പോൾ നേരിട്ട ആദ്യ പന്തിൽത്തന്നെ ബെയിൽസ് തെറിച്ച് സാനിയ മിർസയുടെ ഭർത്താവ് ഗോൾഡൻ ഡക്കായി.13 റൺസെടുക്കുന്നതിനിടെയാണ് പാകിസ്ഥാന് നാലുവിക്കറ്റുകൾ നഷ്ടമായത്. ശേഷം ഇമാദ് വാസിമും (22*) ക്യാപ്ടൻ സർഫ്രാസ് അഹമ്മദും (12) ചേർന്ന് 165വരെയെത്തിച്ചു. അവിടെവച്ച് പാക് ക്യാപ്ടനും മടക്കടിക്കറ്റ് ലഭിച്ചു. വീണ്ടും പന്തെടുത്ത വിജയ്ശങ്കർ സർഫ്രാസിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. ഷദാബ് ഖാനെക്കൂട്ടി പാകിസ്ഥാൻ 35 ഒാവറിൽ 166/6ലെത്തിച്ചപ്പോൾ മഴ വീണ്ടുമെത്തി. തുടർന്ന് മത്സരം 40 ഒാവറായി വെട്ടിച്ചുരുക്കി 302 റൺസ് ലക്ഷ്യമായി നിശ്ചയിച്ചു.തുടർന്ന് പാകിസ്ഥാൻ 212/6ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇന്ത്യൻ ബാറ്റിംഗ് ഇങ്ങനെ
ഒാവർ 1-10 (53/0)
ടോസ് ലഭിച്ചാൽ ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് നാണയ ഭാഗ്യത്താൽ അനുഗ്രഹീതനായ സർഫ്രാസ് ബൗളിംഗിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ ശിഖർധവാന് പകരം കെ.എൽ. രാഹുലാണ് ഇന്നിംഗ്സ് ഒാപ്പൺ ചെയ്യാനായി രോഹിതിനൊപ്പമെത്തിയത്. മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഒാവർ രാഹുൽ മെയ്ഡനാക്കി. രണ്ടാം ഒാവറിൽ ഹസൻ അലിയെ ബൗണ്ടറി പറത്തി രാഹുൽ സ്കോർ ബോർഡ് തുറന്നു. അഞ്ചോവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 20 റൺസാണ് നേടിയിരുന്നത്.
ആറാം ഒാവറിൽ രോഹിത് ഹസൻ അലിയെ കവറിനി മുകളിലൂടെ സിക്സിന് പറത്തി. പതിയെ റൺറേറ്റ് ഉയർത്തിയ രാഹുലും രോഹിതും ഇന്ത്യയെ ആദ്യ പത്തോവറിൽ 53 റൺസിലെത്തിച്ചു.
ഒാവർ 11-20 (105/0)
12-ാം ഒാവറിൽ സ്പിന്നർ ഷദാബ് ഖാനെ പന്തേൽപ്പിച്ച സർഫ്രാസ് ഖാന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ആദ്യ പന്ത് രാഹുൽ ബൗണ്ടറിയിലേക്ക് പായിച്ചു. നാലാം പന്തിൽ രോഹിതിന്റെ വക സിക്സ്. അടുത്ത പന്തിൽ ഫോർ. ഒാരോവറിൽ വഴങ്ങിയത് 17 റൺസ്. ഇതിനിടയിൽ നേരിട്ട 34-ാമത്തെ പന്തിൽ രോഹിത് അർദ്ധ സെഞ്ച്വറിയിലുമെത്തി. അതിനുശേഷം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് പതിയെ സ്കോർ ഉയർത്തുകയായിരുന്നു ഇന്ത്യ. 18-ാം ഒാവറിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 100 കടന്നു.
ഒാവർ 21-30 (172/1)
22-ാം ഒാവറിൽ ഷൊയ്ബ് മാലിക്കിനെ സിക്സിന് പറത്തി കെ.എൽ. രാഹുൽ അർദ്ധസെഞ്ച്വറിയിലെത്തി. അടുത്ത ഒാവറിൽ ഹഫീസിനെയും സിക്‌സടിച്ച രാഹുലിന് പക്ഷേ 24-ാം ഒാവറിൽ മടങ്ങേണ്ടിവന്നു. വഹാബ് റിയാസിന്റെ പന്തിൽ കവറിൽ ബാബർ അസമിന് ക്യാച്ച് നൽകുകയായിരുന്നു രാഹുൽ. 136 റൺസാണ് രോ-രാ സഖ്യം ഒന്നാംവിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇന്നിംഗ്സിന്റെ പകുതി ഒാവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 146/1 എന്ന നിലയിലായിരുന്നു. തുടർന്ന് രോഹിത് കൊഹ്‌ലിയെ കൂട്ടി മുന്നേറിയപ്പോൾ റൺറേറ്റ് ആറിന് അടുത്തെത്തി. 29-ാം ഒാവറിൽ രോഹിത് ശർമ്മ സെഞ്ച്വറിയിലെത്തി. 85 പന്തുകളാണ് രോഹിതിന് ഇതിനായി വേണ്ടിവന്നത്.
ഒാവർ 31-40 (248/2)
35-ാം ഒാവറിൽ 200 റൺസിലെത്തിയ ഇന്ത്യ പിന്നീട് വേഗം കൂട്ടാനുള്ള ശ്രമം തുടങ്ങി. ഒാരോ ഒാവറിലും ഒാരോ ബൗണ്ടറിയെങ്കിലുമായിരുന്നു ലക്ഷ്യം. എന്നാൽ 39-ാം ഒാവറിൽ രോഹിത് ശർമ്മയ്ക്ക് പുറത്താകേണ്ടിവന്നു. ഹസൻ അലിയുടെ ലെഗ് സൈഡിലേക്ക് പോയ പന്തിൽ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച രോഹിതിനെ ഷോർട്ട് ഫൈൻ ലെഗിൽ വഹാബ് റിയാസ് ഇൗസിയായി കൈയിലൊതുക്കുകയായിരുന്നു.
ഒാവർ 41-50 (336/5)
നാലാം നമ്പരിൽ വീണ്ടും അവസരം ലഭിച്ച ഹാർദിക് പാണ്ഡ്യ തുടക്കത്തിൽ അല്പം പതറിയെങ്കിലും പതിയെ ഡ്യൂട്ടിയിലേക്ക് കടന്നു. സിക്സും ഫോറും ലക്ഷ്യമിട്ട് പാണ്ഡ്യ ആഞ്ഞുവീശിയപ്പോൾ 44-ാം ഒാവറിൽ കൊഹ്‌ലി അർദ്ധ സെഞ്ച്വറി തികച്ചു. ഇതേ ഒാവറിൽത്തന്നെ പാണ്ഡ്യയ്ക്ക് പുറത്താകേണ്ടിയും വന്നു. 19 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്‌സുമടിച്ച ഹാർദിക്കിനെ ആമിറിന്റെ പന്തിൽ ബാബർ അസം പിടികൂടുകയായിരുന്നു. പകരമിറങ്ങിയ ധോണി (1) 46-ാം ഒാവറിൽ ആമിറിന്റെ പന്തിൽ സർഫ്രാസിന് ക്യാച്ച് നൽകി മടങ്ങി. 47-ാം ഒാവറിൽ ഇന്ത്യ 305/4 ൽ നിൽക്കവെ മഴ കാരണം 20 മിനിട്ടോളം കളി തടസപ്പെട്ടു. മടങ്ങിയെത്തിയ ഇന്ത്യയ്ക്ക് 48-ാം ഒാവറിൽ നായകനെ നഷ്ടമായി. ആമിറിന്റെ ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച കൊഹ്‌ലിയെ പിടികൂടിയ സർഫ്രാസ് അപ്പീൽ ചെയ്തപ്പോൾ ഒൗട്ടെന്ന് കരുതി തിരിച്ചുനടക്കുകയായിരുന്നു. അമ്പയറും വിരലുയർത്തി. എന്നാൽ ബാൾ ബാറ്റിൽ കൊണ്ടിരുന്നില്ലെന്ന് റീപ്ളേയിൽ തെളിഞ്ഞു. അവസാന പന്തുകളിൽ വിജയ് ശങ്കറും (15) കേദാർ യാദവും (9) ചേർന്നാണ് 336 ലെത്തിച്ചത്.
കളിത്തിരിവുകൾ
1. ടോസ് കിട്ടിയാൽ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്ന് മുൻ നായകനും ഇപ്പോൾ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ നൽകിയ ഉപദേശം പോലും സ്വീകരിക്കാതെ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ച പാകിസ്ഥാൻ ക്യാപ്ടൻ സർഫ്രാസ് അഹമ്മദിന്റെ തീരുമാനമായിരുന്നു മത്സരത്തിലെ ആദ്യ വഴിത്തിരിവ്.
2. ഒാപ്പണറായിസ്ഥാനക്കയറ്റം കിട്ടിയ കെ.എൽ. രാഹുൽ ക്ഷമയോടെ ബാറ്റ് ചെയ്തത് മികച്ച തുടക്കം നൽകാൻ രോഹിതിന് ധൈര്യമേകി.
3. രാഹുലിന് പകരമെത്തിയ കൊഹ്‌ലിയുടെ മികച്ച ഇന്നിംഗ്സ് മദ്ധ്യ ഒാവറുകളിൽ റൺറേറ്റ് സ്ഥിരതയോടെ നിലനിറുത്തുന്നതിൽ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് മികവ് കാട്ടാനായി.
4. കുൽദീപിന്റെ അടുത്തടുത്ത ഒാവറുകളിൽ ഫഖർ സമാനെയും ബാബർ അസമിനെയും വീഴ്ത്താനായത് നിർണായകമായി.
5. ധവാന് പകരമെത്തിയ വിജയ് ശങ്കറെയും ഹാർദിക്കിനെയും മീഡിയം പേസർ എന്ന നിലയിൽ ഉപയോഗിക്കാൻ കഴിഞ്ഞതിനാൽ ഭുവനേശ്വറിന് പരിക്കേറ്റത് തിരിച്ചടിയായില്ല.
കളിക്കണക്കുകൾ
ഇതാദ്യമായാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ടോസ് ലഭിച്ച ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കുന്നത്. 24 രോഹിത് ശർമ്മയുടെ 24-ാമത് ഏകദിന സെഞ്ച്വറിയാണ് ഇന്നലെ ഒാൾഡ് ട്രഫോൾഡിൽ പിറന്നത്. ലോകകപ്പിലെ മൂന്നാം സെഞ്ച്വറി, പാകിസ്ഥാനെതിരായ രണ്ടാം സെഞ്ച്വറി, ഇൗ ലോകകപ്പിലെയും രണ്ടാം സെഞ്ച്വറി. 140 രോഹിതിന്റെ 140 റൺസ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറാണ്. രോഹിതിന്റെ പാകിസ്ഥാനെതിരായ ഉയർന്ന സ്കോറും ലോകകപ്പിലെ ഉയർന്ന സ്കോറും ഇന്നലെ പിറന്നതാണ്. 28 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ കുറിക്കുന്ന 28-ാമത്തെ സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. 15 ഇത് പതിനഞ്ചാം തവണയാണ് പാകിസ്ഥാനെതിരെ ഏകദിനത്തിൽ ഇന്ത്യ 300 റൺസിലേറെ സ്കോർ ചെയ്യുന്നത്. 336/5 ഒാൾഡ് ട്രഫോൾഡ് ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇന്നലെ ഇന്ത്യ ഉയർത്തിയത്. 2006 ൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ളണ്ട് നേടിയ 318/7 ആണ് മറികടന്നത്. ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. 11000 ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്‌മാനായി കൊഹ്‌ലി. 222 ഇന്നിംഗ്സുകളിൽ നിന്നാണ് കൊഹ്‌ലി നാഴികക്കല്ല് താണ്ടിയത്. സച്ചിന്റെ 276 ഇന്നിംഗ്സുകളുടെ റെക്കാഡാണ് വിരാട് തകർത്തത്. 51 വിരാട് കൊഹ്‌ലിയുടെ 51-ാമത് ഏകദിന അർദ്ധ സെഞ്ച്വറിയായിരുന്നു ഇത്. തയ്യാറാക്കിയത് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യൻ എസ്.എൻ. സുധീർ അലി 341 ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കാഡ് ഇന്നലെ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. ധോണിയുടെ 341-ാമത്തെ ഏകദിനമായിരുന്നു ഇത്. 340 മത്സരങ്ങൾ കളിച്ച ദ്രാവിഡിനെയാണ് ധോണി മറികടന്നത്. 463 മത്സരങ്ങൾ കളിച്ച സച്ചിനാണ് ഒന്നാംസ്ഥാനത്ത്. പോയിന്റ് നില ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ ( ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ ) ആസ്ട്രേലിയ 5-4-1-0-8 ന്യൂസിലാൻഡ് 4-3-0-10-7 ഇന്ത്യ 4-3-0-1-7 ഇംഗ്ളണ്ട് 4-3-1-0-6 ശ്രീലങ്ക 5-1-2-2-4 വിൻഡീസ് 4-1-2-1-3 ദക്ഷിണാഫ്രിക്ക 5-1-3-1-3 ബംഗ്ളാദേശ് 4-1-2-1-3 പാകിസ്ഥാൻ 5-1-3-1-3 അഫ്ഗാൻ 4-0-4-0-0. .