gaya

തിരുവനന്തപുരം: അനശ്വര ഗായകൻ മുഹമ്മദ് റാഫി ഒരിക്കൽ കൊച്ചിയിൽ സംഗീത പരിപാടിക്കെത്തി. കൂടെപ്പാടാൻ ഒരു പെൺകുട്ടിയെവേണം. അന്വേഷണം ചെന്നുനിന്നത് പന്ത്രണ്ടുകാരിയായ കെ.ബി.ഗായത്രിയിൽ. അന്ന് കൊച്ചിയെ പാട്ടുകൊണ്ട് കീഴടക്കിയ മുഹമ്മദ് റാഫി മടങ്ങിപ്പോകും മുമ്പ് കൊച്ചു ഗായത്രിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ഒപ്പം ഒരു ഉപദേശവും- നല്ല ഭാവിയുണ്ട്. പക്ഷേ, പാട്ട് സ്റ്റേജിൽ മാത്രമായി ഒരുക്കരുത്.

റാഫിയുടെ ഉപദേശം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഗായത്രിക്കൊപ്പം ആ അനുഗ്രഹം എന്നുമുണ്ടായിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നിർവഹിച്ച കോഴിക്കോട് ശ്രീകണ്ഠ്വേശ്വരം ക്ഷേത്രത്തിൽ ഉത്സവത്തിന് സംഗീത പരിപാടിക്ക് എത്തിയതാണ് ആകാശവാണിയിലേക്കുള്ള വാതിലുകൾ ഗായത്രിക്കായി തുറന്നത്. അന്നത്തെ സംഗീത പരിപാടി ആസ്വദിച്ചവരുടെ കൂട്ടത്തിൽ ആകാശവാണി കോഴിക്കോട് നിലയം ഡയറക്ടർ എൻ.എസ്.കൃഷ്ണൻകുട്ടിയുമുണ്ടായിരുന്നു. കച്ചേരി കഴിഞ്ഞപ്പോൾ അദ്ദേഹം ഗായത്രിയെ ആകാശവാണിയിലേക്കു ക്ഷണിച്ചു. സ്റ്റേഷൻ ആർട്ടിസ്റ്റായിട്ടായിരുന്നു ക്ഷണം.

1953 കാലം. രാഘവൻ മാസ്റ്ററാണ് അന്ന് കോഴിക്കോട് നിലയത്തിലെ സംഗീത വിഭാഗം മേധാവി. മാസ്റ്ററെ കൂടാതെ വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, പരശുരാമ ഭാഗവതർ തുടങ്ങിയവർ ഒരുക്കിയ ലളിതാഗാനങ്ങൾ ഗായത്രി പാടി. ശ്രോതാക്കൾക്കിടയിൽ ഹിറ്റായിരുന്നു ആ ഗാനങ്ങളോരോന്നും. പ്രശംസിച്ചവരുടെ കൂട്ടത്തിൽ തിക്കോടിയൻ, പി.ഭാസ്കരൻ തുടങ്ങി പ്രമുഖർ ഏറെയുണ്ടായിരുന്നു.

1956-ൽ രാഘവൻ മാസ്റ്റർ ഗായത്രിയെ സിനിമയിലേക്കു ക്ഷണിച്ചു. രാരിച്ചൻ എന്ന പൗരനു വേണ്ടി പി. ഭാസ്കരൻ എഴുതിയ നാഴിയുരിപ്പാലുകൊണ്ട്... ശാന്താ പി.നായർക്കൊപ്പം പാടി. അതേ സിനിമയിലെ തന്നെ 'മണവാളൻ ബന്നല്ലോ...പുതുമാരൻ ബന്നല്ലോ...' എന്ന സോളോ പാടിയതും ഗായത്രിയായിരുന്നു.

പിന്നീടും സിനിമയ്ക്കു വേണ്ടി ഏതാനും ഗാനങ്ങൾ ഗായത്രി പാടി. 1958- ൽ വിവാഹം. കോഴിക്കോട് നിലയത്തിൽ സഹപ്രവർത്തകനായ പുല്ലാങ്കുഴൽ വിദ്വാൻ ഗുരുവായൂർ ശ്രീകൃഷ്ണൻ ആയിരുന്നു വരൻ. റെക്കാർഡിംഗിന് മദ്രാസിലേക്കു പോകാനുള്ള ബുദ്ധിമുട്ടു കാരണം സിനിമ ഒഴിവാക്കിയപ്പോഴും സംഗീത കച്ചേരികളിൽ ഗായത്രി സജീവമായിരുന്നു.

ആകാശവാണി ബാലലോകം പരിപാടി തുടങ്ങിയപ്പോൾ കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന ചേച്ചിയായി. 90-കളുടെ മദ്ധ്യത്തോടെ ആകാശവാണിയിലെ നിലയം ആർട്ടിസ്റ്റ് പദവി വിട്ടെങ്കിലും പാടാനായി ഗായത്രി എത്തിക്കൊണ്ടിരുന്നു.

കൊച്ചിയിലെ പള്ളുരുത്തിയാണ് സ്വദേശം. സെന്റ് തേരാസസ് കോളേജിൽ പഠിക്കുന്ന കാലത്ത് മികച്ച നർത്തകിയും അഭിനേത്രിയുമായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഒരു നാടകത്തിൽ തിക്കുറുശ്ശി സുകുമാരൻ നായർക്കൊപ്പമായിരുന്നു വേഷം. കോഴിക്കോട് വെള്ളിമാടുകുന്ന് സി.എച്ച് നഗറിലെ വീട്ടിൽ താമസിച്ചിരുന്ന ഗായത്രി ആറു മാസം മുമ്പാണ് മകൻ ജി.എസ്.രാജന്റെ ഡൽഹിയിലെ വസതിയിലേക്കു പോയത്.