jose-k-mani
ജോസ്.കെ.മാണി

കോട്ടയം: കേരള കോൺഗ്രസ് -എം പാർട്ടി പിളർന്നതോടെ ഇടതുമുന്നണിയിൽ ചേക്കേറാൻ ജോസ് കെ.മാണി വിഭാഗം നീക്കം തുടങ്ങിയതായി സൂചന. നിലവിൽ ഇടതുമുന്നണിയിലുള്ള ഒരു കേരള കോൺഗ്രസിലെ മുതിർന്ന നേതാവാണ് ഇതിനായി ചുക്കാൻ പിടിക്കുന്നത്. ഇദ്ദേഹം ജോസ് വിഭാഗത്തിനുവേണ്ടി എൽ.ഡി.എഫ് നേതൃത്വവുമായി രഹസ്യ സംഭാഷണം നടത്തിക്കഴിഞ്ഞതായും അറിയുന്നു. സി.പി.എം പച്ചക്കൊടി കാട്ടിയാൽ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തും. ജോസ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. രണ്ട് എം.എൽ.എമാർ ഇപ്പോൾ ജോസ്. കെ. മാണിയൊടൊപ്പമാണ്. ഇവരിൽ ഒരാളെ മന്ത്രിയാക്കാമെന്നാണത്രേ വാഗ്ദാനം.

പാർട്ടി പിളർന്നതോടെ ചിഹ്നമായ രണ്ടിലയ്ക്കും മറ്റുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും നീക്കം. സാധാരണ പാർട്ടി പ്രവർത്തകരാവട്ടെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ കണ്ണുംനട്ട് നില്ക്കുകയാണ്. യു.ഡി.എഫ് നേതൃത്വത്തിൽ നേരത്തെ ജോസുമായും പി.ജെയുമായും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ചർച്ചകൾ നടത്തിയിരുന്നു. ഇരു നേതാക്കളും വാശി തുടർന്നതോടെ യോജിപ്പിച്ചു കൊണ്ടുപോവാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കിയ യു.ഡി.എഫ് ഇരു ഗ്രൂപ്പുകൾക്കും മുന്നണിയിൽ തുടരാമെന്ന് പറയുകയുണ്ടായി. എന്നാൽ ജോസഫിനോടാണ് യു.ഡി.എഫിന് കൂടുതൽ മമതയെന്നാണ് അറിയുന്നത്.

അതേസമയം ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്ന് താത്കാലിക ചെയർമാൻ പി.ജെ.ജോസഫ് വ്യക്തമാക്കി. ഇന്നലെ സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ജോസ് കെ.മാണി വിഭാഗം വിളിച്ചുചേർത്ത യോഗത്തിലാണ് ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തത്. പാർട്ടി സംസ്ഥാന സമിതിയിൽ മൃഗീയ ഭൂരിപക്ഷമാണ് ജോസ് കെ.മാണിയ്ക്കുള്ളത്. 437 സംസ്ഥാന സമിതി അംഗങ്ങളിൽ 312 പേർ പങ്കെടുത്തു. പാർട്ടി ജില്ലാ പ്രസിഡന്റുമാരിൽ എട്ടു പേരും തങ്ങൾക്കൊപ്പമെന്ന് ജോസ് കെ.മാണി അവകാശപ്പെട്ടു.

എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാവും മുൻ ചെയർമാനുമായിരുന്ന സി.എഫ്.തോമസ് യോഗത്തിൽ നിന്നും വിട്ടുനിന്നു. തങ്ങളോടൊപ്പമാണ് സി.എഫ് എന്നു പറഞ്ഞിരുന്ന ജോസ് കെ.മാണിക്ക് ഇത് തിരിച്ചടിയായി. പാർട്ടിയെ പിളർത്താൻ താനില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്ന പാർട്ടിക്കൊപ്പമാവും താനെന്നും സി.എഫ്.തോമസ് കേരള കൗമുദി ഫ്ലാഷിനോട് പറഞ്ഞു.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ എന്നിവരും യോഗത്തിൽ എത്തിയില്ല. 28 അംഗ ഉന്നതാധികാര സമിതിയിൽ 15 പേരും തങ്ങൾക്കൊപ്പമാണെന്നാണ് ജോസഫിന്റെ അവകാശവാദം. കൂടാതെ വിവിധ പോഷക സംഘടനാ നേതാക്കളും തനിക്കൊപ്പമാണെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്.

പാർലമെന്ററി പാർട്ടി നേതാവ് ജോസഫ് തന്നെയെന്ന് റോഷിയും ജയരാജും

തിരുവനന്തപുരം: പാർട്ടി ചെയർമാനായി ജോസ്.കെ.മാണിയെ തിര‌ഞ്ഞെടുത്തെങ്കിലും പാർലമെന്ററി പാർട്ടി നേതാവായി പി.ജെ.ജോസഫ് തന്നെ തുടരുമെന്ന് എം.എൽ. എമാരായ റോഷി അഗസ്റ്രിനും എൻ. ജയരാജും ഇന്നുരാവിലെ പറഞ്ഞു. പി.ജെ.ജോസഫിനെ ലീഡർ പദവിയിൽ നിന്ന് മാറ്റാനാവശ്യപ്പെടില്ല. ചെയർമാൻ സ്ഥാനത്തേക്ക് മാത്രമാണ് തർക്കം. പാർട്ടി ലീഡറെ തിരഞ്ഞെടുക്കാൻ പുതിയ ചെയർമാൻ യോഗം വിളിക്കുമെന്നും റോഷി അഗസ്റ്രിനും എൻ.ജയരാജും പറ‌ഞ്ഞു. കോട്ടയത്തെ യോഗത്തിൽ സി.എഫ്.തോമസ് വിട്ടുനിന്നതല്ല. സി.എഫ് തോമസ് തങ്ങളുടെ കൂടെയാണെന്ന് ജോസ് വിഭാഗം എം.പി തോമസ് ചാഴിക്കാടനും പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫിൽ തന്നെ തുടരും. സി.എഫ് തോമസ് മുതിർന്ന നേതാവാണെന്ന് പറഞ്ഞ ചാഴിക്കാടൻ ചെയർമാൻ തിര‌‌ഞ്ഞെടുപ്പ് ഭരണഘടനാ പരമായിരുന്നെന്നും അവകാശപ്പെട്ടു.