തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ വർഷമൊന്നായിട്ടും കുറ്റപത്രമായില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച കേസിലാണ് ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നത്. ബറ്റാലിയൻ ഡ്രൈവറായ ഗവാസ്കറെ ഒരു എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ച കേസാണ് കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് നീട്ടിക്കൊണ്ട് പോകുന്നത്. അതേസമയം, ദൃക്സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്ര സമർപ്പണത്തിനുള്ള തടസമെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഡ്രൈവർക്കെതിരെ ഐ.പി.എസ് പുത്രിയും പരാതി നൽകിയിരുന്നു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ഹൈക്കോടതിയിൽ പ്രത്യേകം ഹർജികളും സമർപ്പിച്ചിട്ടുണ്ട്.
2018 ജൂൺ 14ന് രാവിലെയാണ് കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിയപ്പോൾ എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദ്ദിച്ചത്. ഐ.പി.എസ് പുത്രിക്ക് പരിശീലനം നൽകാനെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയോട് തലേദിവസം ഗവാസ്കർ സംസാരിച്ചിരുന്നു. ഇത് തന്നെപ്പറ്രിയാണെന്നാരോപിച്ച് അവർ ഗവാസ്കറെ ശകാരിച്ചത് വിലക്കിയതിന്റെ വിരോധത്തിലാണ് ഡ്യൂട്ടിയിലായിരുന്ന ഗവാസ്കറെ കഴുത്തിൽ ടാബുകൊണ്ടിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. കഴുത്തിൽ സാരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്ന ഗവാസ്കർ അടുത്തിടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
എന്നാൽ, തന്നോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് ഡ്രൈവർക്കെതിരെ ഐ.പി.എസ് പുത്രിയുടെ ആരോപണം. ഗവാസ്കർ ചികിത്സ തേടിയതോടെ ഐ.പി.എസ് പുത്രിയും കാലിന് പരിക്കേറ്റെന്ന പേരിൽ ആശുപത്രിയിലായി. ആട്ടോയിടിച്ച് പരിക്ക് പറ്റിയെന്നാണ് ഐ.പി.എസ് പുത്രി ആശുപത്രിയിൽ ആദ്യം പറഞ്ഞത്. പിന്നീട് വഴക്കിനിടെ ഗവാസ്കർ കാറിടിപ്പിച്ചതാണെന്ന് മൊഴിമാറ്റി. മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ വാഹനം പരിശോധിച്ചെങ്കിലും കാറിടിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് ആന്റി പൈറസി സെൽ എസ്.പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. പ്രശാന്തൻ കാണിയും പിന്നാലെ വന്ന കെ.എം. ആന്റണിയെന്ന എസ്.പിയും കഴിഞ്ഞ ഒരുവർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലും കേസിൽ കുറ്രപത്രം സമർപ്പിച്ചിട്ടില്ല. ഗവാസ്കറെ മർദ്ദിക്കുന്നതിന് ദൃക്സാക്ഷികളായി ആരെയും കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന കാരണം. കാറിനുള്ളിലുണ്ടായ സംഭവത്തിന് മറ്റാരും സാക്ഷികളായി ഉണ്ടായിരുന്നില്ല. അതേസമയം ഒരുവർഷമായിട്ടും കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുകയാണ് ഗവാസ്കർ.
ജാമ്യമില്ലാക്കുറ്റം
കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഐ പാഡുപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എ.ഡി.ജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തേണ്ടിവരുമെന്നാണ് സൂചന. എന്നാൽ, ദൃക്സാക്ഷികളെ ഇതുവരെ കിട്ടിയില്ലെന്ന് പറഞ്ഞ് അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.