vidya

കിളിമാനൂർ: കാർഷിക രംഗത്ത് പുത്തൻ സാങ്കേതിക വിദ്യയുമായി വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ യുവ എൻജിനിയർമാർ. ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗിച്ച് ഓരോ തുള്ളിയിലും കൂടുതൽ വിളവ് എന്ന ലക്ഷ്യം മുൻനിറുത്തിയാണ് വിദ്യ അക്കാഡമിയിലെ അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളായ അമൽ പി.വി, അനന്തു ജെ..എസ്, നിതിൽ പ്രശോഭ്, വിഷ്ണു ശങ്കർ എന്നിവർ അസിസ്റ്റന്റ് പ്രൊഫസർ റോബിൻ ഡേവിഡിന്റെ നേതൃത്വത്തിൽ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. മണ്ണിനടിയിലേക്ക് തുളച്ചു കയറി വേരുപടലങ്ങളിലേക്ക് നേരിട്ട് വെള്ളവും വളവും നൽകുന്ന രീതിയിലാണ് ഉപകരണം നിർമിച്ചത്. സോളിനോയ്ടൽ വാൽവ്, മൈക്രോകൺട്രോളർ, വാട്ടർ പമ്പ്, ന്യൂമാറ്റിക് സിലിണ്ടർ, ഡയറക്ഷൻ കണ്ട്രോൾ വാൽവ്, ഫ്ളോ മീറ്റർ എന്നിവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ. ഈ രീതിയിൽ നനയ്ക്കുമ്പോൾ 80 ശതമാനത്തിനു മുകളിൽ വെള്ളം ചെടിക്കുതന്നെ ലഭിക്കുന്നു. കൂടാതെ, വെള്ളത്തോടൊപ്പം വളംകൂടി ചേർത്ത് ‘ഫെർട്ടിഗേഷൻ’ രീതിയിൽ വളവും വെള്ളവും ഒട്ടും നഷ്ടപ്പെടാതെ വേരുപടലത്തിനടുത്തായി നൽകാൻ ഈ സാങ്കേതിക വിദ്യ സഹായിക്കും. പ്രിൻസിപ്പൽ ഡോ. ടി. മാധവരാജ് രവികുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി ബിജീഷ്. പി, ശശാങ്കൻ വി.ആർ. (സീനിയർ ടെക്നിക്കൽ ഓഫീസർ സി.ടി.സി.ആർ.ഐ) അസിസ്റ്റന്റ് പ്രൊഫസർ അവിനാഷ് ജി.എസ് എന്നിവർ വേണ്ട സഹായം നൽകി.