water-facility-in-rural-a

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടെ പൈപ്പ് വെള്ളമെത്തിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. 2018 - 19 സാമ്പത്തികവർഷത്തിൽ വെള്ളക്കരമായി 545.38 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 88.60 കോടിയും പിരിച്ചെടുത്തു. പുതിയ ജലനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജലവിഭവ സെക്രട്ടറി അദ്ധ്യക്ഷനായി പത്തംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എസ്. ശർമ്മ, രാജു എബ്രഹാം, വി. അബ്ദുറഹിമാൻ, എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവരെ മന്ത്രി അറിയിച്ചു. കുഴൽക്കിണറുകളിലൂടെ കൃത്രിമ ഭൂജല സംപോഷണ സാദ്ധ്യതകൾ പരിശോധിക്കും. ഓരോ ജില്ലയിലും നാല് വീതം കുഴൽക്കിണറുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, പി. ഉബൈദുള്ള, കെ.എൻ.എ. ഖാദർ എന്നിവരെ മന്ത്രി അറിയിച്ചു.

2018 ജനുവരി മുതൽ ഡിസംബർ വരെ സംസ്ഥാനത്ത് 10,​597 അബ്കാരി കേസുകളെടുത്തിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കൂടുതൽ പാലക്കാട്ടും (1172)​ കുറവ് ഇടുക്കിയിലുമാണ് (270)​. വിവിധ കോടതികളിൽ 42,​727 കേസുകൾ വിചാരണയിലുണ്ടെന്നും മുല്ലക്കര രത്നാകരനെ മന്ത്രി അറിയിച്ചു.

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമത്തിന്റെ കരട് തയ്യാറായതായി പി. ഉബൈദുള്ള, പി.കെ. അബ്ദുറബ്ബ്, എൻ.എ. നെല്ലിക്കുന്ന്, സി. മമ്മൂട്ടി എന്നിവരെ മന്ത്രി കെ. രാജു അറിയിച്ചു. ക്ഷീരകർഷകർക്ക് വിപണി ഉറപ്പാക്കാൻ കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ മിൽമ വിപണിയിലിറക്കും. 2019 -20 വർഷം ക്ഷീര സഹകരണ മേഖലയിൽ 1550 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.

പോക്സോ കോടതി
പോക്‌സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാറക്കൽ അബ്ദുള്ളയെ അറിയിച്ചു.

അട്ടപ്പാടിയിൽ 34 ശിശുമരണങ്ങൾ
ഈ സർക്കാർ വന്ന ശേഷം അട്ടപ്പാടിയിൽ 34 ശിശുമരണങ്ങളുണ്ടായെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇക്കൊല്ലം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്നും ഐ.സി. ബാലകൃഷ്ണൻ,​ വി.പി. സജീന്ദ്രൻ, വി.ഡി. സതീശൻ, കെ.സി. ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.