irappil

കിളിമാനൂർ: കേരളകൗമുദി വാർത്ത തുണയായി, പണിതീരാത്ത ഇരപ്പിൽ പാലത്തിന്റെ പണി തുടങ്ങി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഹാദേവേശ്വരം വാർഡിൽ ചിറ്റാറിന് കുറുകെയുള്ള ഇരപ്പിൽ പാലത്തിന്റെ പണിയാണ് പുനർ ആരംഭിച്ചത്. 2016-17 സാമ്പത്തിക വർഷം ലോക ബാങ്കിന്റെ സഹായത്തോടെ 23 ലക്ഷം രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അര നൂറ്റാണ്ടിലേറെയായി വണ്ടന്നൂർ, കടുമാൻ കുഴി, കുഴിവിള, ഇരപ്പിൽ പ്രദേശത്തുള്ളവർ ഇവിടെ പാലം നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ പ്രദേശത്തുള്ളവർക്ക് ചിറ്റാർ മുറിച്ച് കടന്നു വേണം അക്കരെ ഇക്കരെ എത്താൻ. മഴക്കാലത്ത് ചിറ്റാർ നിറഞ്ഞ് കവിയുന്നതോടെ ആറ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാകും. സ്കൂൾ കുട്ടികളും, സ്ത്രീകളും, തൊഴിലാളികളും മഴക്കാലത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം കിളിമാനൂർ ടൗണിൽ എത്താൻ. ഇതേ തുടർന്ന് കുഴിവിളയിൽ ചിറ്റാറിന് കുറുകെ ഇരിപ്പിൽ പാലം നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

പാലത്തിനായി പുഴയുടെ ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ചെങ്കിലും ഫണ്ട് വേണ്ടത്ര ഇല്ലാത്തതിനാൽ കരാറുകാരൻ പണി നിറുത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടി കാട്ടി ഇക്കഴിഞ്ഞ ഏപ്രിൽ 28 ന് കേരളകൗമുദി 'പണിതിട്ടും പണിതീരാത്ത പാലം' എന്ന തലകെട്ടിൽ വാർത്ത നൽകിയിരുന്നു.

ഇതേ തുടർന്ന് പാലം പണി പൂർത്തിയാക്കുന്നതിനായി തനത് ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയും, പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ച് പുതിയ കാരാറുകാരനെ കൊണ്ട് പണി പുനർ ആരംഭിക്കുകയായിരുന്നു.