തിരുവനന്തപുരം: ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടാനുള്ള മാർഗങ്ങൾ പരിശീലിപ്പിക്കാൻ ഇറ്റാലിയൻ ഡാൻസ് തെറാപ്പിസ്റ്റ് ലൂയിസ സ്പാഗ്ന കളത്തിലെത്തുന്നു. 23നാണ് ലൂയിസയുടെ ഡാൻസ് തെറാപ്പി ശില്പശാല കളത്തിന്റെ കണ്ണമ്മൂല കാമ്പസിൽ നടക്കുന്നത്. പല തരം മാനസിക പിരിമുറുക്കങ്ങളാൽ ബന്ധിതരാണ് പുതിയ കാലത്തെ മനുഷ്യർ. പലരും ഈ പിരിമുറുക്കങ്ങൾ മറികടക്കാനാകാത്ത അവസ്ഥയിലുമായിരിക്കും. എങ്ങനെ ഇത്തരം പ്രതിസന്ധികൾ തരണംചെയ്യാമെന്ന് കാട്ടിത്തരികയാണ് ശില്പശാല. മനുഷ്യർക്ക് അനുഭവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളിൽ നിന്നു മോചനം നൽകാനുള്ള മാർഗങ്ങൾ ഡാൻസ് തെറാപ്പിയിലൂടെ ഉറപ്പുനൽകുകയാണ് ലൂയിസ. വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ചിട്ടുള്ള പരിശീലന പദ്ധതിയാണിത്.
ഇറ്റലിയിലും ഇന്ത്യയിലുമായി താമസിക്കുന്ന ലൂയിസ വിവിധ രാജ്യങ്ങളിൽ ഡാൻസ് തെറാപ്പിയുമായി സഞ്ചരിച്ചിട്ടുണ്ട്. കളം നടത്തുന്ന കോഴ്സുകളുടെ സിലബസിൽ പ്രധാന ഇനമാണ് 'സ്ട്രെസ് മാനേജ്മെന്റ് ത്രൂ ആർട്ട്.' ഇത്തരം പരിശീലനപദ്ധതികളുടെ ഭാഗമായാണ് ഡാൻസ് തെറാപ്പി ശില്പശാല സംഘടിപ്പിക്കുന്നത്. മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ബാച്ചുകളായാണ് കളത്തിലെ പരിശീലനം.
രാവിലെ പത്തുമുതൽ ഒന്നുവരെയുള്ള സെഷനിൽ 16 വയസിൽ താഴെയുള്ളവർക്കു പങ്കെടുക്കാം. ഉച്ചയ്ക്കുശേഷമുള്ള സെഷൻ 16 വയസിനു മുകളിലുള്ളവർക്കാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാത്തവർക്കും ശില്പശാലയിൽ പങ്കെടുക്കാം.
ലൂയിസ സ്പാഗ്ന
ചെറുപ്പം മുതൽ നൃത്തത്തെ പ്രാണനായി കണ്ട ലൂയിസ നൃത്തത്തിലൂടെ ജീവിതത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങൾ കുറയ്ക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ടെന്ന് കണ്ടെത്താനാണ് ശ്രമിച്ചത്. സാലേന്തോയിൽനിന്ന് ഡാൻസ് തെറാപ്പിയിൽ ബിരുദം നേടിയ ലൂയിസ നൃത്തത്തെ കരുതലിന്റെയും ക്ഷേമത്തിന്റെയും വിവിധ തലങ്ങളിലേക്ക് പറിച്ചുനട്ടു. പരമ്പരാഗത സമകാലിക നൃത്തരീതികൾ അഭ്യസിച ്ച ശേഷം കൂടുതൽ പഠനത്തിനായി 1995ൽ ഇന്ത്യയിലെത്തി.
ശാസ്ത്രീയ നൃത്തവും ന്യൂഡൽഹിയിലെ ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്ന് മാധവി മുഡ്ഗലിന്റെ ശിഷ്യത്വത്തിൽ ഒഡീസിയും പഠിച്ചു. പൗരസ്ത്യ ഇന്ത്യയിലെ ഛൗ എന്ന ആദിമ നൃത്തരൂപവും അഭ്യസിച്ച ലൂയിസ സ്വന്തമായി എത്നോകണ്ടംപററി ഡാൻസ് സ്റ്റൈൽ വികസിപ്പിച്ചു. സ്ത്രീത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നൃത്തരൂപങ്ങളിലൂടെയും ലൂയിസ ശ്രദ്ധിക്കപ്പെട്ടു. സൂത്ര ആർട്ടി പെർഫോമേറ്റീവുമായി ചേർന്ന് 'യോഗിനി ഒഫ് ഹിരാപ്പുർ ഒറാക്കിളി'നും രൂപം കൊടുത്തിട്ടുണ്ട് ലൂയിസ. കേരളവുമായും അഭേദ്യബന്ധമുണ്ട് ലൂയിസയ്ക്ക്. ആൽഫ പാലിയേറ്റീവ് കെയറിലും മറ്റു സ്ഥാപനങ്ങളിലും ഡാൻസ് തെറാപ്പി സെഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നൃത്തസംബന്ധിയായ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ ഇന്റർനാഷണൽ വിമൻ എക്സലൻസ് പുരസ്കാരം 1994ൽ ലൂയിസയെ തേടിയെത്തി.