തിരുവനന്തപുരം: വല്ലാത്തൊരു പൊല്ലാപ്പു തന്നെയാണിതെന്ന് പടിഞ്ഞാറെ നടവഴി കടന്നു പോകുന്നവരും പ്രദേശവാസികളും പിറുപിറുത്തു തുടങ്ങിയിട്ട് കുറച്ചുകാലമായി .പൊല്ലാപ്പിന് കുറവൊന്നുമില്ല. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പടിഞ്ഞാറെ നടയിലെത്തിയപ്പോഴാണ് കൂടുതൽ കടുത്തത്. മഴ കൂടി പെയ്തതോടെ പ്രശ്നം രൂക്ഷമായി എന്നു മാത്രം. പക്ഷേ, അല്പം ക്ഷമിച്ചേ മതിയാകൂ എന്നാണധികൃതർ പറയുന്നത്. ക്ഷേത്രപരിസരത്തിന്റെ മോടികൂട്ടുന്നതും ദിവസവും ശ്രീപദ്മനാഭനെ വണങ്ങാനെത്തുന്ന ആയിരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതുമായ പദ്ധതിയുടെ നിർമ്മാണമാണ് നടക്കുന്നത്. വലിയൊരു വികസനം വരുമ്പോൾ കുറച്ചൊക്കെ ക്ഷമിച്ചുകൂടേ എന്നാണ് ചോദ്യം. എത്രനാൾ ക്ഷമിക്കേണ്ടി വരും എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
നേരത്തേ ക്ഷേത്രത്തിന് മറ്റ് മൂന്നു ഭാഗങ്ങളിലെ യാത്രക്കാരും സമീപവാസികളും മാസങ്ങളോളം അനുഭവിച്ച ദുരിതമാണ് പടിഞ്ഞാറെ നടയിലേക്കു മാറിയിരിക്കുന്നത്. മറ്റ് നടകളെ അപേക്ഷിച്ച് വാഹനങ്ങൾ ഏറെ കടന്നു പോകുന്നത് പടിഞ്ഞാറെ നട വഴിയാണ്. ഈഞ്ചയ്ക്കൽ, ബീമാപള്ളി, കോവളം- കഴക്കൂട്ടം ബൈപാസ്, ശ്രീവരാഹം, വെട്ടിമുറിച്ചകോട്ട എന്നിവിടങ്ങളിലൊക്കെ പോകണമെങ്കിൽ ബസ് ഉൾപ്പെടെ കടന്നു പോകുന്നത് പടിഞ്ഞാറെ നട വഴിയാണ്. ഓടയുടെയും റോഡിന്റെയും നിർമ്മാണത്തിനു വേണ്ടി പെട്ടെന്ന് ഗതാഗതം വിലക്കുമ്പോൾ പ്രതിഷേധം ഉയരുന്നത് സ്വാഭാവികം.
റോഡിന്റെ നിർമ്മാണത്തിനെടുത്ത കുഴികൾ ഒരു വശത്ത്. മണ്ണും നിർമ്മാണ സാമഗ്രികളും മറ്റൊരു വശത്ത്. കാൽനടയാത്ര പോലും അസാദ്ധ്യം. കുറച്ചുദിവസം ഇരുചക്ര വാഹനങ്ങൾ മാത്രം റോഡിലൂടെ കടത്തി വിട്ടു. മഴ ഒന്നു മാറി നിന്നപ്പോൾ കാറുകളും ആട്ടോറിക്ഷകളും കൂടി കടത്തി വിടുന്നുണ്ട്. വാഹനങ്ങൾ കൂടുതലായി കടന്നുപോയ്ക്കൊണ്ടിരുന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമെന്നു മാത്രമല്ല അപകടത്തിനും സാദ്ധ്യതയുണ്ടെന്ന് അവിടെ പണിയെടുക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിന്റെ നാലുനടകൾക്കും പുറത്ത് റോഡ്, ഓട നിർമ്മാണം, സൗന്ദര്യവത്കരണം എന്നിവയാണ് ചെയ്യുന്നത്. ഇതിനൊപ്പം വൈദ്യുത, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്ന ജോലിയും നടത്തുന്നുണ്ട്. പ്രധാന സ്ഥലത്തെ നിർമ്മാണം പൂർത്തിയായിരുന്നു. അവസാനഘട്ടമായി പടിഞ്ഞാറെ നട മുതൽ വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപം വരെയുള്ള റോഡിന്റെ നവീകരണമാണ് നടക്കുന്നത്. സ്വതവേ ഇടുങ്ങിയ റോഡിൽ ഇരുവശത്തും ഓട നിർമാണത്തിനായി കുഴികളെടുക്കുകയാണ്. വൈദ്യുത, ടെലിഫോൺ കേബിളുകൾ ഉള്ളിലേക്ക് മാറ്റാനാണ് കുഴിയെടുക്കുന്നത്. കുഴിച്ച മണ്ണ് മുഴുവൻ റോഡിലുണ്ട്. വശത്ത് നടപ്പാത നിർമാണം ആരംഭിച്ചതോടെ സമീപവാസികൾ വിഷമത്തിലായി.
നാട്ടുകാരുടെ ആശങ്കയ്ക്കു കാരണം
മുന്നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജോലിയുടെ സ്വഭാവം തങ്ങളെ അറിയിക്കാതെ നിർമ്മാണം തുടങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. ഇവരുടെ കുടിവെള്ള കണക്ഷനും ഡ്രെയിനേജും ഭാവിയിൽ തകരാറിലാകുമെന്നാണ് ആശങ്ക. ഇവയ്ക്ക് തകരാറുണ്ടായാൽ നന്നാക്കുന്നതും ശ്രമകരമാകുമെന്നാണ് പരിസരവാസികൾ പറയുന്നത്. നേരത്തേയുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ലൈനും മാറ്റിയിട്ടുണ്ട്. നടപ്പാത നിർമാണം തുടങ്ങുമ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ബുദ്ധിമുട്ടാകും. ഇപ്പോഴുള്ള കുഴികൾ കടക്കാൻ കുട്ടികളും പ്രായമുള്ളവരും ക്ലേശിക്കുകയാണ്. വീടുകളിൽ നിന്നും വാഹനമിറക്കാനും ബുദ്ധിമുട്ട്.
സമാനമായ പ്രശ്നം നേരത്തേ ക്ഷേത്രത്തിന്റെ മൂന്നുവശത്തെ നിർമാണവേളയിലും സംഭവിച്ചിരുന്നു. എട്ട് ഏജൻസികളാണ് വിവിധ നിർമാണപ്രവർത്തനങ്ങൾ യോജിപ്പിക്കുന്നത്. ഇവ ഒരുമിച്ച് യഥാസമയം ജോലി ചെയ്യാത്തതും ഏകോപനത്തിന്റെ കുറവും ജോലി വൈകാനിടയാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റിലും പദ്ധതിയുടെ പൂർണതോതിലുള്ള നിർമ്മാണ പ്രവർത്തനം പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നിർമാണ ചുമതലയുള്ളവർ അറിയിച്ചത്.
അധികൃതരുടെ മറുപടി
നിർമ്മാണം പൂർത്തിയാകുമ്പോൾ കുടിവെള്ള കണക്ഷൻ, ഡ്രെയിനേജ് എന്നിവ പൂർവസ്ഥിതിയിൽ കുറ്റമറ്റതാകും. 88 കോടി ചെലവിട്ടുള്ള പദ്ധതിയിൽ മികച്ച സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ സ്കീമിൽ ഉൾപ്പെടുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രം- ആറന്മുള- ശബരിമല വികസന പദ്ധതിയിലെ നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്
തെക്കേനട വികസനം- 20.59 കോടി രൂപ
വടക്കേനട വികസനം -11.84 കോടി
കിഴക്കേനട വികസനം- 18.66 കോടി
പടിഞ്ഞാറെ നട വികസനം- 24.78 കോടി
പ്രധാന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി
കിഴക്കേനട
ടൂറിസം ഇൻഫർമേഷൻ സെന്റർ നിർമ്മാണം- പൂർത്തിയായി
ബയോടോയ്ലറ്റ് നിർമ്മാണം- പുരോഗമിക്കുന്നു
കുടിവെള്ള ഫൗണ്ടൻ - പൂർത്തിയായി
ബാത്തിംഗ് കോംപ്ലക്സ് - പുരോഗമിക്കുന്നു
പരമ്പരാഗത നടപ്പാത - കിഴക്കേ നടയിൽ പൂർത്തിയായി, റിംഗ് റോഡിൽ പുരോഗമിക്കുന്നു
ടോയ്ലറ്റ്, ക്ലോക്ക് റൂം, വിശ്രമമുറി- പുരോഗമിക്കുന്നു
വൈദ്യുതവത്കരണം, തെരുവുവിളക്കുകൾ- പൂർത്തിയായി
പടിഞ്ഞാറെ നട
കുടിവെള്ള ഫൗണ്ടൻ - പൂർത്തിയായി
നമ്പി നടപ്പാത- പൂർത്തിയായി
ഓവുചാൽ -നടയിൽ പൂർത്തിയായി, റിംഗ് റോഡിൽ പുരോഗമിക്കുന്നു
പരമ്പരാഗത നടപ്പാത - നടയിൽ പൂർത്തിയായി റിംഗ് റോഡിൽ പുരോഗമിക്കുന്നു
വൈദ്യുതവത്കരണം, തെരുവുവിളക്കുകൾ-നടയിൽ പൂർത്തിയായി, റിംഗ് റോഡിൽ പുരോഗമിക്കുന്നു
തെക്കേനട
കുടിവെള്ള ഫൗണ്ടൻ - പൂർത്തിയായി
ഓവുചാൽ - പൂർത്തിയായി
വൈദ്യുതവത്കരണം, തെരുവുവിളക്കുകൾ- പുരോഗമിക്കുന്നു
വടക്കേനട
കുടിവെള്ള ഫൗണ്ടൻ - പുരോഗമിക്കുന്നു
ബയോ ടോയ്ലറ്റ് നിർമ്മാണം- പുരോഗമിക്കുന്നു
ഓവുചാൽ - നടയിൽ പൂർത്തിയായി, റിംഗ് റോഡിൽ പുരോഗമിക്കുന്നു
വൈദ്യുതവത്കരണം, തെരുവുവിളക്കുകൾ-നടയിൽ പൂർത്തിയായി, റിംഗ് റോഡിൽ പുരോഗമിക്കുന്നു
മതിൽ, ഗേറ്റ് അറ്റകുറ്റപ്പണി- പുരോഗമിക്കുന്നു
എക്സിബിഷൻ സെന്റർ, ഫസ്റ്റ് എയ്ഡ് സെന്റർ- പുരോഗമിക്കുന്നു
ഫെസിലിറ്റേഷൻ സെന്റർ, വിശ്രമമുറി, മാലിന്യസംസ്കരണ സംവിധാനം - പുരോഗമിക്കുന്നു
അമിനിറ്റി സെന്റർ- പുരോഗമിക്കുന്നു