parliament

തിരുവനന്തപുരം: വേലിയേ​റ്റ രേഖയിൽ നിന്ന് 50 മീ​റ്ററിനുള്ളിൽ താമസിക്കുന്നവരെ 200 മീ​റ്ററിന് പുറത്ത് സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. തീരം സംരക്ഷിക്കാൻ കടൽഭിത്തി നിർമ്മാണം, പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് ദുരന്തപ്രതികരണ നിധിയിൽ നിന്ന് പണം ചെലവിടാനാവില്ല. മണൽ നിറച്ച ജിയോബാഗുകൾ പോലുള്ള താത്കാലിക സംവിധാനങ്ങൾക്കു മാത്രമേ ഫണ്ട് ഉപയോഗിക്കാൻ കഴിയൂ. രൂക്ഷമായ കടലാക്രമണം തടയുന്നതിന് കരിങ്കല്ല് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മിക്കണം. പക്ഷേ ആവശ്യത്തിന് കരിങ്കല്ല് ലഭിക്കുന്നില്ല.

സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്​റ്റേഷനിൽ നിന്നും ഐ.ഐ.ടി യിൽ നിന്നും ഡിസൈൻ ലഭ്യമാക്കി കടൽഭിത്തിയും ഗ്രോയിനുകളും നിർമ്മിക്കും. തീരദേശ ജില്ലകളിൽ 78 കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തികൾക്ക് 12.19 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ തീരസംരക്ഷണ പ്രവൃത്തികൾക്ക് 189.50 ലക്ഷം രൂപയ്ക്ക് സാമ്പത്തികാനുമതിയും നൽകി.

590 കിലോമീ​റ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് ഏകദേശം 350 കി.മീ ദൂരം അതിരൂക്ഷമായ കടലാക്രമണ ഭീഷണിയിലാണ്. തീരദേശത്ത് വേലിയേ​റ്റ രേഖയിൽ നിന്നും 50 മീ​റ്ററിനുള്ളിൽ 18,865 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ജൂൺ 12വരെ ലഭ്യമായ കണക്കുകൾ പ്രകാരം മത്സ്യത്തൊഴിലാളികളുടെ 25 ലധികം വീടുകൾ പൂർണമായും നഷ്ടപ്പെടുകയും 141 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കടലാക്രമണം മൂലമുള്ള തീരശോഷണം ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ദുരന്തബാധിതർക്ക് ദുരിതാശ്വാസം നൽകുന്നുണ്ടെന്നും പി.കെ.അബ്ദുറബ്ബിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.