തിരുവനന്തപുരം : എൽ .ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുമാവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയ റാങ്ക് ഹോൾഡേഴ്സ് പിരിഞ്ഞുപോകാൻ കൂട്ടാക്കാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കി. കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രമുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമെന്ന ഉറപ്പ് ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടെടുത്ത റാങ്ക് ഹോൾഡേഴ്സിനെ മടക്കി അയയ്ക്കാൻ പൊലീസുകാർ പണിപ്പെട്ടു. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകുന്നില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയെക്കണ്ട് പരാതിപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതായതോടെയാണ് സമരത്തിനിറങ്ങിയതെന്നും ഇവർ പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വനിതകളടക്കമുള്ള നൂറിലധികം പേർ പങ്കെടുത്ത മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നാണ് ആരംഭിച്ചത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞപ്പോൾ നിലത്ത് കുത്തിയിരുന്നവരാണ് തീരുമാനമുണ്ടാകാതെ മടങ്ങില്ലെന്ന നിലപാടെടുത്തത്. പിന്നീട് ഇവരെ പൊലീസ് അനുനയിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഡെൽസി സി. സാബു, അസോസിയേഷൻ നേതാക്കളായ സനൽ, ഷീജ, പ്രദീപ് എന്നിവർ പങ്കെടുത്തു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുക, ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിരം ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സെക്രട്ടറിയേറ്റിന് മുന്നിൽ വൈകിട്ടു വരെ പ്രതിഷേധിച്ചശേഷമാണ് ഇവർ മടങ്ങിപ്പോയത്.