തിരുവനന്തപുരം: എറണാകുളം ജില്ലയിലെ കിഴക്കുമുറി, മുളന്തുരുത്തി റെയിൽവേ മേല്പാലങ്ങൾക്കും പാലം അപ്രോച്ച്‌ റോഡ് നിർമ്മാണത്തിനും ഉടൻ സ്ഥലമേറ്റെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. 0.6547 ഹെക്ടർ സ്ഥലമാണ് കിഴുമുറി പാലം അപ്രോച്ച്‌ റോഡ് നിർമ്മാണത്തിന് ഏ​റ്റെടുക്കേണ്ടത്. അവിടെ അടിസ്ഥാനവില നിർണയ റിപ്പോർട്ട് (ബി.വി.ആർ) തയ്യാറാക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. മുളന്തുരുത്തിയിൽ 21ഭൂവുടമകളിൽ നിന്ന് 58.85 ആർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്​റ്റേ​റ്റ് ലെവൽ എംപവേർഡ് കമ്മി​റ്റി സ്ഥലവില അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സമ്മതപത്രം നൽകിയവരുടെ ഭൂമി ഏ​റ്റെടുക്കുവാനും അല്ലാത്ത കേസുകളിൽ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏ​റ്റെടുക്കാനും തീരുമാനിച്ചു. ഇതിനുള്ള സാമൂഹ്യപ്രത്യാഘാത പഠനം നടക്കുകയാണ്. രണ്ട് മാസത്തിനകം സ്ഥലമേ​റ്റെടുക്കൽ നടപടി പൂർത്തീകരിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.