ബാലരാമപുരം: തുടർച്ചയായ രണ്ടാംവർഷവും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് ഗ്രേഡ് നേടി നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല. നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ ഈ അംഗീകാരം ലഭിച്ച ഏക ഗ്രന്ഥശാലയാണിത്. എ പ്ലസ് നേടിയ ഗ്രന്ഥശാലപ്രതിനിധികളുടെ സംഗമം മുൻ എം.പി. എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ദേശാഭിവർദ്ധിനി ഗ്രന്ഥശാലക്ക് വേണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നെല്ലിമൂട് രാജേന്ദ്രൻ പ്രശംസാപത്രവും പുരസ്കാരവും ഏറ്റുവാങ്ങി. 1937 ൽ നെല്ലിമൂട് ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന തിരുവല്ല സ്വദേശി പരേതനായ ഡബ്യൂ.വി. ശാമുവേലാണ് ഗ്രന്ഥശാല സ്ഥാപിച്ചത്. മികച്ച ഗ്രന്ഥശാലക്കുള്ള സംസ്ഥാന പുരസ്കാരം, നാഗപ്പൻ നായർ അവാർഡ്, പി.എൻ.പണിക്കർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മികവിന്റെ അംഗീകാരമാണ് ഗ്രന്ഥശാലക്ക് ലഭിച്ചതെന്നും വരുംകാലങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രയോജനകരമാം വിധത്തിലുള്ള പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് എസ്. രാജുവും സെക്രട്ടറി ടി. ചന്ദ്രനും അറിയിച്ചു.