katrina-kaifകഠിനപ്രയത്നംകൊണ്ട് മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. ബോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറാനും താരത്തിന് സാധിച്ചു. ജീവിതത്തിലെ പ്രണയവും പരാജയവുമൊക്കെ തന്നെ നിരാശയുടെ പടുകുഴിയിൽ കൊണ്ടിട്ടപ്പോൾ തിരിച്ചുവരാനുള്ള ഊർജം ലഭിച്ചത് വായനയിലൂടെയാണെന്ന് തുറന്നു പറയുകയാണ് കത്രീന.

'എന്റെ അവസാന പ്രണയ പരാജയം എന്നെ കൊണ്ടെത്തിച്ചത് നിരാശയുടെ പടുകുഴിയിലേക്കാണ്. അതിൽ നിന്ന് എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്ത എന്നെ എത്തിച്ചത് വായനയിലേക്കാണ്. ഗഹനമായ വായനയിലേക്ക്. മനുഷ്യൻ എന്താണെന്നും ജീവിതം എന്താണെന്നുമുള്ള വായനയിലേക്ക്. അതിൽ ഞാൻ രണ്ടു സത്യങ്ങൾ മനസിലാക്കി- ജീവിതം, അത് ഒന്നേയുള്ളൂ. പിന്നെ മരണം, അത് ഉറപ്പായ കാര്യം. ഇതിനിടയിലുള്ള ചെറിയ ചെറിയ വിഷയങ്ങളിൽ സങ്കടപ്പെട്ടാൽ ആകെയുള്ള ജീവിതം നശിക്കും. ആ തിരിച്ചറിവ് പതുക്കെപ്പതുക്കെ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. സിനിമകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

വിവാഹം എപ്പോഴാണെന്ന് ചോദിക്കരുത്

നിലവിൽ സത്യമായും ഞാൻ ഒറ്റയ്ക്കാണ്. ഇതു പറയുമ്പോൾ പലരും സംശയത്തോടെയാണ് എന്നെ നോക്കുന്നത്. കാരണം മുൻ പ്രണയ കാലങ്ങളിലും ഞാൻ അങ്ങനെയായിരുന്നുവത്രേ പറഞ്ഞിരുന്നത്. വിവാഹം കഴിയുന്നതുവരെ സിംഗിളാണ് എന്നതാണ് എന്റെ കൺസപ്ട്. അതിനിടെ നിങ്ങൾക്ക് പ്രണയം ഉണ്ടായാലും അത് നീണ്ടുനിൽക്കണമെന്നില്ല. എന്നാൽ, വിവാഹം അങ്ങനെയല്ല അത് മനോഹരമായ ഒരു അനുഭൂതിയാണ്. എന്റെ സുഹൃത്തുക്കളായ അനുഷ്ക ശർമ്മയും സോനം കപൂറും ദീപിക പദുകോണുമൊക്കെ വിവാഹിതരായി. അതിലെല്ലാം ഞാൻ പങ്കെടുത്തിരുന്നു. അവരുടെ ജീവിതത്തിലെ പ്രധാന ദിവസത്തിൽ ഒരതിഥിയായി എന്നെയും കൂട്ടിയതിലെ സന്തോഷം ഞാൻ പങ്കുവയ്ക്കുകയും ചെയ്തു. റാമ്പിൽ ചുവടുവയ്ക്കുന്ന കാലം മുതൽ ഞാനും ദീപികയും സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ആ വിവാഹവും എനിക്ക് സ്പെഷ്യലായിരുന്നു. പക്ഷേ എന്റെ വിവാഹം എപ്പോഴാണെന്നു മാത്രം ചോദിക്കരുത്. സംഭവിക്കാനുള്ളത് കൃത്യമായി സംഭവിക്കും.

ഏഴു പെണ്ണും ഒരാണും

എന്റെ അമ്മയ്ക്ക് ഞാനുൾപ്പെടെ എട്ടു മക്കളാണ്. ഏഴ് പെണ്ണും ഒരു ആണും. അച്ഛനും അമ്മയും ഇടയ്ക്ക് വച്ച് വേർപിരിഞ്ഞപ്പോൾ അമ്മ ഒറ്റയ്ക്കാണ് എല്ലാ മക്കളെയും വളർത്തിയത്. ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇത്രയും പെൺമക്കളെ എന്തു ധൈര്യത്തിലാണ് പ്രസവിച്ചതെന്ന്. അന്ന് അമ്മ ചിരിച്ചു. പക്ഷേ ഇപ്പോൾ എന്റെ വലിയ കുടുംബമാണ് എനിക്കുള്ള ഏറ്റവും വലിയ പിന്തുണ. ഇവിടെ നടിയെന്ന ലേബൽ കാരണം പല സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടുമ്പോൾ ഞാൻ നേരെ പോവുക ഇംഗ്ളണ്ടിലേക്കാണ്. അവിടെ സഹോദങ്ങൾക്കൊപ്പം കോഫി ഷോപ്പിൽ പോകും. ബുക്സ്റ്റാളിൽ പോയിരുന്നു വായിക്കും. റോഡിലൂടെ നടക്കും. പരസ്പരം കലഹിച്ച് സംസാരിക്കും... വളരെ സന്തോഷം തോന്നും. പക്ഷേ ചെറുപ്പത്തിൽ അച്ഛനെ വല്ലാതെ മിസ് ചെയ്തിരുന്നു. ചില ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥയിൽ ബാക്ക് ബോണായി അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

പരാജയത്തെക്കുറിച്ച് ചിന്തിക്കില്ല

നല്ല ശരീരവടിവോടെയിരിക്കണമെന്ന് മനസിൽ ആഗ്രഹിച്ചിട്ട് വീട്ടിലിരുന്ന് പിസ കഴിച്ചാൽ ആ വടിവ് കിട്ടില്ല. അതിനായി ജിമ്മിൽ പോയി കഷ്ടപ്പെടുക തന്നെ വേണം. അതുപോലെയാണ് ഞാൻ പരാജയങ്ങളെ നേരിടുന്നത്. തഗ്സ് ഒഫ് ഹിന്ദുസ്ഥാനും സീറോയും പരാജയപ്പെട്ടപ്പോൾ ഭാരത് സൂപ്പർ ഹിറ്റായി മാറി. രണ്ട് പടം പൊട്ടിയെന്ന് കരുതി വീട്ടിലിരുന്നെങ്കിൽ ഭാരതിലൂടെ വിജയിക്കാൻ കഴിയില്ലായിരുന്നു. അതിനായി നമ്മൾ നിരന്തരം പരിശ്രമിക്കണം. മറ്റൊരു നടി വേണ്ടെന്ന് വച്ച കഥാപാത്രമാണെന്നൊന്നും തുടക്കത്തിൽ എനിക്കറിയില്ലായിരുന്നു. എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്തുസൂക്ഷിച്ചു. അതിന്റെ ഫലവും കിട്ടി. ഈ ചിത്രത്തിലേക്ക് എന്നെ ശുപാർശ ചെയ്തത് സൽമാനാണെന്ന് (സൽമാൻ ഖാൻ) പലയിടത്തും ഞാൻ വായിച്ചു. അങ്ങനെ ഒരു സംഭവമേയില്ല. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസമാണ് സൽമാനെ ഞാൻ കാണുന്നത്. ഹായ് എന്ന് പറഞ്ഞപ്പോൾ എന്നെ ഓർക്കുന്നുണ്ടോ എന്നു മാത്രം തിരിച്ചു ചോദിച്ചു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ഒന്നിച്ചെത്തിയ സിനിമകളും അവർ സ്വീകരിക്കുന്നു.