കുഴിത്തുറ: കളിയിക്കാവിളയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നു 8300 രൂപ കവർന്നു. കളിയിക്കാവിളയ്ക്കടുത്ത് പടന്താലുമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിലാണ് മോഷണം നടന്നത്. ഫാർമസിയിൽ ജോലി നോക്കിയിരുന്ന സ്ത്രീ ഞായറാഴ്ച രാത്രി കാശ് എണ്ണിയപ്പോൾ അതിൽ 8300 രൂപ കുറഞ്ഞതായി കണ്ടു. തുടർന്ന് വിവരം ഡോക്ടറെ അറിയിച്ചിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം കണ്ടെത്തിയത്. വൈകിട്ട് 6.40ന് ബൈക്കിലെത്തിയ രണ്ട് പേർ ഫാർമസിയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേന കുറിപ്പ് കൊടുക്കുത്തു. മരുന്നെടുക്കാൻ ജോലിക്കാരി തിരിയുമ്പോൾ ഒരാൾ മേശയ്ക്കുള്ളിൽ നിന്ന് കാശ് എടുക്കുകയും മറ്റൊരാൾ അരികിൽ നിന്ന് കുറച്ച് മരുന്നുകൾ മോഷ്ടിക്കുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള പരാതി ആശുപത്രി അധികൃതർ കളിയിക്കാവിള പൊലീസിന് കൈമാറി. കളിയിക്കാവിള പൊലീസ് അന്വേഷണമാരംഭിച്ചു.