ബംഗാളിൽ ഒരാഴ്ചയായി സമരം ചെയ്യുന്ന ഡോക്ടർമാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തൊട്ടാകെ ഇന്നലെ ഡോക്ടർമാർ സൂചനാ പണിമുടക്കിലായിരുന്നു. അത്യാഹിതവിഭാഗം ഒഴികെ മറ്റു വിഭാഗങ്ങളെ പണിമുടക്ക് ബാധിച്ചതിനാൽ ചികിത്സ ലഭിക്കാതെ ജനങ്ങൾ രാജ്യമൊട്ടാകെ വലഞ്ഞു. കേരളത്തിലെ ഡോക്ടർമാർ രാവിലെ രണ്ടുമണിക്കൂർ പണിമുടക്കിയശേഷം ജോലി ചെയ്യാൻ സന്നദ്ധരായതിനാൽ അധികം കഷ്ടപ്പാടുണ്ടായില്ലെന്ന് ആശ്വസിക്കാം. എന്നാൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ സ്ഥിതി അങ്ങേയറ്റം ഗുരുതരമായിരുന്നു എന്നാണ് വാർത്ത.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനമനുസരിച്ചാണ് ഡോക്ടർമാർ പണിമുടക്ക് എന്ന അറ്റകൈയ്ക്ക് ഇറങ്ങിയത്. ആശുപത്രികളെ നരകതുല്യമാക്കുന്ന ഡോക്ടർമാരുടെ പണിമുടക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരും നീതിപീഠവുമൊക്കെ അഭ്യർത്ഥിച്ചിരുന്നതാണ്. എന്നാൽ ഇതിനകം സമരത്തിന്റെ തീച്ചൂളയിൽ എത്തിനിൽക്കുന്ന ഡോക്ടർമാരുടെ സംഘടനകൾ അതൊന്നും ചെവിക്കൊണ്ടില്ല. ഏത് പ്രതികൂലാവസ്ഥയിലും രോഗികൾക്ക് ആശ്വാസം പകരാൻ ധാർമ്മികമായി കടപ്പെട്ട ഡോക്ടർമാർ അനുരഞ്ജനത്തിന്റെ സകല പാതയും അടയുന്ന ഘട്ടത്തിൽപ്പോലും ആശുപത്രികളെ നിശ്ചലമാക്കും വിധത്തിലുള്ള സമരമുറകൾ സ്വീകരിക്കരുതെന്നാണ് വിവേകമതികൾ ഒാർമ്മിപ്പിക്കാറുള്ളത്. രോഗശാന്തി തേടി എത്തുന്നവർ ആശ്രയമില്ലാതെ പെരുവഴിയിലാകുന്ന അവസ്ഥ സങ്കല്പിക്കാൻ പോലുമാകുന്നില്ല. പണിമുടക്കിനാധാരമായി ഡോക്ടർമാരുടെ സംഘടന മുന്നോട്ടുവച്ച ആവശ്യം എത്രതന്നെ സാധുതയുള്ളതാണെങ്കിലും ഇൗ തീരുമാനം നടപ്പാകുന്നതിലൂടെ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നത് എല്ലാ ദുരിതാവസ്ഥയിലുമെന്നപോലെ സമൂഹത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളാണ്. സർക്കാർ ആശുപത്രികൾ മാത്രം ആശ്രയമായ കോടിക്കണക്കിന് രോഗികളാണ് ഇന്നലെ ഒരൊറ്റദിവസം പറഞ്ഞറിയിക്കാനാകാത്തവിധം ദുരിതത്തിലായത്.
കൊൽക്കത്തയിലെ എൻ.ആർ.എസ്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഏതാനും ഡോക്ടർമാർക്ക് രോഗിയുടെ ബന്ധുക്കളിൽ നിന്നു നേരിടേണ്ടിവന്ന മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് ബംഗാളിൽ ഒരാഴ്ചയായി ഡോക്ടർമാർ സമരം ചെയ്യുന്നത്. നയപരമായി ഇടപെട്ട് ഉടനടി തീർക്കാമായിരുന്ന പ്രശ്നം ഡോക്ടർമാരെ ഒന്നടങ്കം തെരുവിലിറക്കുന്ന സ്ഥിതിയിലേക്ക് വളർത്തിയത് മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ സമീപനമാണ്. കൈകാര്യം ചെയ്ത് പ്രശ്നം വഷളാക്കിയതിന്റെ ദുരിതമത്രയും സഹിക്കേണ്ടിവന്നത് സമൂഹത്തിലെ സാധാരണക്കാരാണ്. പാവങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയാണ് തന്റെ ജീവിതവും ഭരണവുമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം അവകാശപ്പെടുന്ന ഒരു മുഖ്യമന്ത്രിയിൽനിന്നു പ്രതീക്ഷിക്കാത്തത് പലതുമാണ് ബംഗാളിൽ സമീപകാലത്ത് കാണാനാവുന്നത്. സമരത്തിലേർപ്പെട്ട ഡോക്ടർമാരെ പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ മുന്നോട്ടുപോയ മുഖ്യമന്ത്രി മമതാ ബാനർജി ഫലത്തിൽ സർക്കാർ ആശുപത്രികളിലെ രോഗികളെ ഒന്നടങ്കം ശിക്ഷിക്കുകയാണ് ചെയ്തത്. ഡോക്ടർമാരും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം എത്ര പേരാണ് കഷ്ടത്തിലാവുന്നതെന്ന് ഇരുകൂട്ടരും ചിന്തിച്ചില്ല. അനുരഞ്ജന ചർച്ചയ്ക്ക് ഇതിനിടെ ഡോക്ടർമാർ മുന്നോട്ടുവച്ച ഉപാധികളാകട്ടെ വിചിത്ര സ്വഭാവത്തിലുള്ളതുമാണ്. മാദ്ധ്യമ പ്രവർത്തകരുടെയും കാമറകളുടെയും മുന്നിൽ 'ലൈവായി" വേണം ചർച്ചയെന്ന കടുംപിടിത്തം ഉപേക്ഷിക്കാൻ ഒടുവിൽ അവർ തയ്യറായത് നല്ല കാര്യം തന്നെ. ഡ്യൂട്ടിക്കിടെ ഡോക്ടർമാർക്കും മറ്റു ആശുപത്രി സ്റ്റാഫിനും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ പര്യാപ്തമായ കേന്ദ്രനിയമം വേണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. എന്നാൽ ശക്തമായ നിയമം വന്നാലും രാജ്യത്തൊരിടത്തും കൊൽക്കത്ത ആശുപത്രിയിൽ നടന്നതുപോലുള്ള കൈയേറ്റങ്ങൾ ഉണ്ടാവുകയില്ലെന്നതിന് യാതൊരു ഉറപ്പും ഇല്ലെന്നതാണ് യാഥാർത്ഥ്യം, ആശുപത്രിസ്റ്റാഫിന്റെ മോശം പെരുമാറ്റത്തിന്റെയും ചികിത്സാപിഴവിന്റെയും മറ്റും പേരിൽ രാജ്യത്ത് എവിടെയും രോഗികളുടെ ബന്ധുക്കളിൽ നിന്ന് സമനിലവിട്ട പെരുമാറ്റവും സംഘർഷസ്ഥിതിയും ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യക്ഷത്തിൽത്തന്നെ ചികിത്സാപ്പിഴവുമൂലം മരണപ്പെടുന്ന രോഗിയുടെ ആൾക്കാർ വികാരവിക്ഷോഭത്തിൽ അരുതാത്തത് ചെയ്യാൻ മുതിർന്നെന്നുവരും. എവിടെയും കാണുന്ന പ്രവണതയാണിത്. രോഗിയും രോഗിയുടെ ആൾക്കാരും സമചിത്തത പാലിക്കണമെന്നു പറയുന്നതുപോലെ തന്നെ പ്രധാനമാണ് പരമാവധി മെച്ചപ്പെട്ട ചികിത്സയും ശുശ്രൂഷയും നൽകാനുള്ള ആശുപത്രികളുടെ ഉത്തരവാദിത്വവും. അത് ലഭിക്കാതെ വരുമ്പോഴാണ് ആളുകൾ ക്ഷുഭിതരാകുന്നതും സഹികെട്ട് കൈയേറ്റത്തിന് മുതിരുന്നതും.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും ഇന്നലെ സൂചനാ പണിമുടക്കിൽ പങ്കെടുത്തത് പുതിയ അനുഭവമായിരുന്നു. സർക്കാർ ആശുപത്രികളിൽ രണ്ടുമണിക്കൂർ കഴിഞ്ഞ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തിയപ്പോൾ പല സ്വകാര്യ ആശുപത്രികളുടെയും പ്രവർത്തനം താറുമാറായി. സംഘടനാബലം വിജയിച്ചപ്പോൾ പതിവുപോലെ ജനത്തിന്റെ കാര്യം കഷ്ടത്തിലുമായി.