തനി തങ്കം ഇടതുപക്ഷവും അതിന്റെ കലർപ്പില്ലാത്ത പോരാളിയും ആരെന്ന് ചോദിച്ചാൽ ആർ.എസ്.പി-ലെനിനിസ്റ്റും കോവൂർ കുഞ്ഞുമോനുമാണെന്നാണ് ഉത്തരം. ആ കുഞ്ഞുമോന് ആളുവില, കല്ലുവില കല്പിക്കുന്ന മന്ത്രിമാരും നാട്ടിലുണ്ടായിപ്പോയതിൽ അദ്ദേഹം വേദനിച്ചില്ലെങ്കിലാണദ്ഭുതം. സ്വന്തം ഹൃദയത്തിന്റെ ചുവപ്പ് കാണിച്ചുകൊടുക്കാൻ നെഞ്ച് കീറിപ്പൊളിക്കാനും തയ്യാറുള്ള കുഞ്ഞുമോന് ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ കിട്ടാൻ ഉപക്ഷേപം കൊണ്ടുവരേണ്ടി വന്നുവെന്ന് പറഞ്ഞാൽ!
യു.ഡി.എഫ് ഭരണകാലത്ത് ഡെപ്യൂട്ടി സ്പീക്കർ പദവിയുടെ ഓഫറുണ്ടായിട്ടും ഇടതിൽ നിൽക്കാൻ അത് വലിച്ചെറിഞ്ഞ ത്യാഗത്തിന്റെ കഥ കുഞ്ഞുമോൻ പുറത്തുവിട്ടത് ഗത്യന്തരമില്ലാതെയാണ്. എം.എൽ.എമാരെയല്ല, ഉദ്യോഗസ്ഥരെയാണ് മന്ത്രി കേൾക്കുന്നതെന്ന് കുഞ്ഞുമോൻ കുറ്റപ്പെടുത്തിയപ്പോൾ പ്രതിപക്ഷം ഡസ്കിലിടിച്ച് ഐക്യദാർഢ്യമർപ്പിച്ചു. 'ഗതാഗതമന്ത്രിയെ ഒന്നുപദേശിക്കൂ, ബാലേട്ടാ' എന്ന് അടുത്തിരുന്ന മന്ത്രി എ.കെ. ബാലനോട് അപേക്ഷിച്ചു. കുഞ്ഞുമോന്റെ മാനസികാവസ്ഥ മനസിലാക്കി നടപടിയെടുക്കാമെന്ന് 'ക്ഷമാശീലനായ' ഗതാഗതമന്ത്രി സാന്ത്വനിപ്പിച്ചു.
നാട്ടിൽ സർവത്ര വിലക്കയറ്റമെന്നാണ് അടിയന്തരപ്രമേയവുമായെത്തിയ എം. വിൻസെന്റിന്റെ വാദം. വിലക്കുറവിന്റെ പറുദീസയായി കേരളം മാറിയ കഥ എത്ര വിവരിച്ചിട്ടും മന്ത്രി തിലോത്തമന് മതിയായില്ല. ഈ മറുപടിയുടെ വീഡിയോ ക്ലിപ്പിംഗ് അങ്ങയുടെ വീട്ടുകാരെ കാണിച്ചാൽ അവർ അങ്ങയെ പട്ടിണിക്കിടുമെന്നാണ് വിൻസെന്റിന്റെ മുന്നറിയിപ്പ്. കൃഷിക്കാരെ രക്ഷിക്കാൻ നാളികേരം സംഭരിക്കേണ്ടി വരുമ്പോൾ വെളിച്ചെണ്ണയ്ക്ക് അല്പം വില കൂടിയാലും തനിക്ക് വിഷമമില്ലെന്ന്, തന്റെ കർഷകസ്നേഹം മന്ത്രി സുനിൽകുമാർ മറയില്ലാതെ പ്രകടമാക്കി. വില കൂട്ടുകയുമരുത്, കൃഷിക്കാരെ രക്ഷിക്കുകയും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ മനസിലിരിപ്പെന്ന് മന്ത്രി കരുതിയതിനാൽ ചക്കരയ്ക്കും കള്ളിനും ഒരുമിച്ച് ചെത്തരുതെന്ന് അവരെ ഉപദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കണക്കിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിലയിടിഞ്ഞ ഒരേയൊരു ഇനം ഇടതുമുന്നണിയാണ്.
രണ്ടായി പിളർന്ന കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിന്റെ നീക്കമെന്തെന്നറിയാൻ ഭരണപക്ഷക്കാർ ആകാംക്ഷാകുലരായതിൽ അദ്ഭുതമില്ല. കക്ഷിനേതാവായി പി.ജെ. ജോസഫ് വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റപ്പോൾ, ഏത് പാർട്ടിയെ പ്രതിനിധീകരിക്കുന്നുവെന്ന സംശയമുയർത്തിയത് എ. പ്രദീപ്കുമാറാണ്. കേരള കോൺഗ്രസ്-എം എന്ന ഒറ്റപ്പാർട്ടിയേ ഉള്ളൂ എന്ന് ജോസഫ് തീർത്ത് പറഞ്ഞ് വാക്കൗട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസത്തെ 'പിളർപ്പ് യോഗ'ത്തിലിരുന്ന രണ്ട് എം.എൽ.എമാരും കൂടെപ്പോയി.
എം. ഉമ്മറിന് ചട്ടം ഉമ്മർ എന്ന പേര് സഭ അനൗദ്യോഗികമായി പതിച്ചുകൊടുത്തിട്ടുണ്ട്. ഓർഡിനൻസുകൾ നിയമമാക്കാത്തതിനെതിരെ ക്രമപ്രശ്നമുന്നയിച്ച ഉമ്മർ ലോട്ടറിയുടെ ജി.എസ്.ടി കാര്യങ്ങൾ സംബന്ധിച്ച് ധനമന്ത്രി കൊണ്ടുവന്ന പ്രമേയം ഏത് ചട്ടമനുസരിച്ചെന്ന് വ്യക്തമാക്കാത്തതിനെയും ചോദ്യം ചെയ്തു. നിയമസഭയിലെ സൂക്ഷ്മദർശിനിയാണ് ഉമ്മറെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉടനടി സർട്ടിഫൈ ചെയ്തു. പ്രമേയ നോട്ടീസിലെ ഉമ്മർ ചൂണ്ടിക്കാട്ടിയ സാങ്കേതികപ്പിഴവ് അദ്ദേഹം സമ്മതിച്ചു.
അന്യസംസ്ഥാന ലോട്ടറിക്കാരെ ജി.എസ്.ടിയുടെ മറവിൽ കേന്ദ്രം സഹായിക്കുന്നുവെന്നാരോപിച്ചാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രമേയം. കേന്ദ്രത്തെ കുറ്റപ്പെടുത്താതെ ചൂതാട്ടമായ ലോട്ടറി തന്നെ ഉപേക്ഷിക്കൂ എന്നാണ് പി.സി. ജോർജ് പറയുന്നത്. ലോട്ടറിയിൽ ചൂതാട്ടത്തിന്റെ അംശമുണ്ടെന്ന് സമ്മതിച്ച സുരേഷ് കുറുപ്പിന്, ഇപ്പോൾ എൻ.ഡി.എക്കാരനായ ജോർജിന്റേത് വിതണ്ഡവാദമായി തോന്നി. നമ്മുടെ ലോട്ടറിയും അന്യസംസ്ഥാനലോട്ടറിയും തമ്മിൽ ചൂതാട്ടത്തിന്റെ നേർത്ത പാടയേ ഉള്ളൂവെങ്കിലും ആ പാട മാറ്റാതെ നമ്മൾ നിലനിറുത്തുന്നത് തിരിച്ചറിയണമെന്ന് വി.ഡി. സതീശൻ ഉപദേശിച്ചു. മുന്നണി മാറുന്നതനുസരിച്ച് നിലപാടും മാറരുതെന്ന് ജോർജിനോട് ധനമന്ത്രിയും അഭ്യർത്ഥിച്ചു.
കോൺഗ്രസും ബി.ജെ.പിയും തീവ്രഹിന്ദുത്വത്തെ പുൽകുന്നവരായപ്പോൾ ശക്തി കൂടുതലുള്ളവരെന്ന് കണ്ട് ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തെന്നേയുള്ളൂ എന്നാണ് ധനാഭ്യർത്ഥനചർച്ചയിൽ ടി.വി. രാജേഷ് വിലയിരുത്തിയത്. രണ്ടിനും പകരമുള്ള ബദലിനായി കാത്തിരിക്കാനാണ് അഭ്യർത്ഥന.