തിരുവനന്തപുരം: 'രാവിലെ ഏഴ് മുതൽ ഒ.പി ടിക്കറ്റെടുത്ത് നിൽക്കാൻ തുടങ്ങിയതാണ്. സമയം ഇപ്പോൾ പത്തായി. ഡോക്ടർമാർ രാജ്ഭവൻ മാർച്ചിന് പോയെന്നാ പറയണേ. എന്തൊരു ദുരിതമാണ്. ബംഗാളിൽ ഡോക്ടറെ തല്ലിയതിന് ഞങ്ങളെന്ത് പിഴച്ചു"ഡോക്ടർമാരുടെ പ്രതിഷേധമറിയാതെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കോട്ടയ്ക്കകം സ്വദേശി കരുണാകരൻ സമീപത്ത് ക്യൂ നിന്നവരോടായി പറഞ്ഞു. നിന്നും ഇരുന്നും തളർന്നതോടെ കോവളത്ത് നിന്നു വന്ന ക്ളീറ്റസ് ആശുപത്രി വരാന്തയിൽ കയറി കിടന്നു. ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എം.എയും കെ.ജി.എം.ഒ.എയും പണിമുടക്കിയപ്പോൾ വട്ടംചുറ്റിയത് പാവം രോഗികളാണ്.
മെഡിക്കൽ കോളേജ്, തൈക്കാട് ആശുപത്രി, ഫോർട്ട് സർക്കാർ ആശുപത്രി തുടങ്ങി സർക്കാർ - സ്വകാര്യ ആശുപത്രികളിലെ രോഗികളെല്ലാം വലഞ്ഞു.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനവും സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സാധാരണയായി ഒ.പികളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. ഞായർ അവധി കഴിഞ്ഞ് ചികിത്സതേടിയെത്തിയ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.
പണിമുടക്ക് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല. രാവിലത്തെ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരണം കഴിഞ്ഞ് ഡോക്ടർമാർ ഉടനേ എത്തുമെന്ന് രോഗികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 10 മണിയോടെ രാജ്ഭവൻ മാർച്ചിനായി ഡോക്ടർമാർ ആശുപത്രി വിട്ടു. 12 ഓടെ ഒ.പി പുനരാരംഭിച്ചെങ്കിലും വൻ തിരക്കായിരുന്നു പലയിടങ്ങളിലും. എമർജൻസി തിയേറ്ററൊഴികെയുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനവും തടസപ്പെട്ടു.
മെഡിക്കൽ കോളേജിൽ രാവിലെ ഒൻപതിനായിരുന്നു സമരം ആരംഭിച്ചത്. കെ.ജി.എസ്.ഡി.എയുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരും ഒ.പിയിൽനിന്ന് വിട്ടുനിന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ജൂനിയർ ഡോക്ടർമാർ എന്നിവർ രാവിലെ 10 മുതൽ 11 വരെ ഒ.പി, അദ്ധ്യാപനം, ലാബ് ജോലികൾ ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും രാവിലെ ജോലിക്കെത്തിയത്.
സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി. സമരം ചെയ്ത ഡോക്ടർമാർ രാവിലെ രാജ്ഭവന് മുന്നിൽ ധർണ നടത്തി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് എം.വി. സുഗതൻ ധർണ ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ആശുപത്രികളിൽ രാവിലെ ആരംഭിച്ച സമരം കാരണം ഒ.പി പൂർണമായും നിശ്ചലമായി. എന്നാൽ ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിച്ചു.