തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പാലക്കാട് യൂണിറ്റ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്നിവയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്റി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു.
കാസർകോട്ടെ സംയുക്ത സംരംഭമായ ബി.എച്ച്.ഇ.എല്ലിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോവുകയാണെന്നും എം. സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഇക്കാര്യത്തിൽ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു. സ്ഥാപനത്തെ പൊതുമേഖലയിൽ നിലനിറുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്റി പലതവണ പ്രധാനമന്ത്റിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിന്മേലുള്ള അവകാശം കേന്ദ്രസർക്കാരിനെയും എച്ച്.പി.സി.എല്ലിനെയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയില്ലാതായപ്പോൾ എച്ച്.എൻ.എല്ലിന്റെ ആസ്തി ഒരു രൂപനിരക്കിൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് കത്ത് അയച്ചിരുന്നു. ഇതിനിടെ നാഷണൽ ലാ ട്രൈബ്യൂണൽ ലിക്വിഡേഷൻ ഉത്തരവിട്ടതോടെ സംസ്ഥാനത്തിന് തിരിച്ചടിയാവുകയും ചെയ്തു.
ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് പാലക്കാട് യൂണിറ്റ് ഏറ്റെടുത്ത് പുതിയ കമ്പനി രൂപീകരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. കേന്ദ്രം ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ബി.ഇ.എം.എല്ലിന് പാലക്കാട് ജില്ലയിൽ സംസ്ഥാനം 374 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കുന്നത് പുനരവലോകനം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്റിയോട് നേരിട്ടും കത്തുകളിലൂടെയും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്റി ഇ.പി. ജയരാജൻ പറഞ്ഞു.