തിരുവനന്തപുരം: കോട്ടയത്ത് രണ്ടായി പിളർന്നെങ്കിലും ഇന്നലെ നിയമസഭയിലെ ഇറങ്ങിപ്പോക്കിൽ കേരള കോൺഗ്രസ് (എം) എം.എൽ.എമാർ ഒറ്റക്കെട്ടായി. സഭാനടപടികൾ നിറുത്തിവച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിൽ അഞ്ച് എം.എൽ.എമാരും പങ്കുചേർന്നു. ഒറ്റപ്പാർട്ടിയേ ഉള്ളുവെന്നും അത് കേരള കോൺഗ്രസ്- എമ്മാണെന്നും കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പി.ജെ. ജോസഫ് സഭയിൽ പറഞ്ഞു. വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു വാക്കൗട്ട് പ്രസംഗം നടത്തവേ ഏതു പാർട്ടിയെ പ്രതിനിധീകരിച്ചാണ് പ്രസംഗിക്കുന്നതെന്ന സി.പി.എമ്മിലെ എ. പ്രദീപ്കുമാറിന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു പി.ജെ. ജോസഫ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
രണ്ടു പാർട്ടിയായതായി ചൂണ്ടിക്കാട്ടി ആരും കത്തു നൽകിയിട്ടില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അറിയിച്ചു. തുടർന്നു വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ അഞ്ച് എം.എൽ.എമാരും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗം നടത്തിയ ശേഷം പി.ജെ. ജോസഫ് സീറ്റിൽ ഇരുന്നപ്പോൾ മറ്റു നാലു പേരും വാക്കൗട്ടിനു തയ്യാറായി എഴുന്നേറ്റു. വാക്കൗട്ട് നടത്തുന്നില്ലേയെന്നു സ്പീക്കർ ആവർത്തിച്ചു ചോദിച്ച ശേഷമാണ് പി.ജെ. ജോസഫ് വീണ്ടും എഴുന്നേറ്റു സഭ വിട്ടത്. ഒപ്പം സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ് എന്നിവരും സഭ വിട്ടു.