നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും ധനസഹായ വിതരണവും ഗ്രന്ഥകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ഡി.മായ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജി.വി.ഹരി മുഖ്യ പ്രഭാഷണം നടത്തി. താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്ന് വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർ, പുരസ്‌കാരങ്ങൾ നേടിയവർ, സിവിൽ സർവീസ് ലഭിച്ചവർ, റാങ്ക് ജേതാക്കൾ തുടങ്ങിയവരെ ആദരിച്ചു. കരയോഗങ്ങളിലെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾക്കുള്ള ഗ്രാന്റ് വിതരണം, അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ആദ്ധ്യാത്മിക സംഗമ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്കുള്ള എൻ.എസ്.എസ് ഭവന നിർമ്മാണ ധനസഹായ വിതരണം എന്നിവയും നടന്നു . ഡോക്ടറേറ്റ് നേടിയ അദ്ധ്യാപകനായ ഡോ. ജി.വി.ഹരിയെ ഉപഹാരം നൽകി ആദരിച്ചു . യൂണിയൻ വൈസ് പ്രസിഡന്റ് പി .എസ് നാരായണൻ നായർ സ്വാഗതവും യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.