ration-shop

തിരുവനന്തപുരം: അവശ്യസാധന നിയമം ഭേദഗതി ചെയ്‌ത് 11 രൂപയ്‌ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ് നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. നിയമവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കും. സർക്കാരിന്റെ കുപ്പിവെള്ളം 11 രൂപ നിരക്കിൽ 14,430 റേഷൻകടകളിലൂടെ വിതരണം ചെയ്യും. റേഷൻകടകളിൽ ശബരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയതായും അരിക്കും അവശ്യസാധനങ്ങൾക്കും വില കുറയുകയാണെന്നും വിലക്കയറ്റം സബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

കൊല്ലത്തും ചേർത്തലയിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുമടക്കമുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 14 ഇനം അവശ്യസാധനങ്ങളിൽ പലതും കിട്ടാനില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കോൺഗ്രസിലെ എം. വിൻസെന്റ് ആരോപിച്ചു. എന്നാൽ സംസ്ഥാനത്ത് അരിവില പിടിച്ചു നിറുത്താനായതായി മന്ത്രി തിലോത്തമൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ വരൾച്ചകാരണം പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. വരൾച്ച കേരളത്തിലെ പച്ചക്കറി ഉത്പാദനത്തെയും ബാധിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്. ഉത്പാദിപ്പിച്ച പച്ചക്കറികളും മറ്റും സംഭരിക്കാൻ കഴിയാത്തതു പോരായ്‌മയാണ്. പ്രതികൂല സാഹചര്യത്തിലും വിലക്കയറ്റമുണ്ടാകാതെ പിടിച്ചു നിറുത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിയുൾപ്പെടെയുള്ള അവശ്യ സാധന വില കുതിച്ചുയരുമ്പോഴും സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോൾ ഫലപ്രദമായി വിപണിയിൽ ഇടപെടാൻ സർക്കാർ പരാജയപ്പെട്ടതായി വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിലക്കയറ്റം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കും. എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും ശരാശരി 10 ശതമാനത്തോളം വില വർദ്ധിച്ചതായി ചെന്നിത്തല ആരോപിച്ചു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.