pg-classes

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ (വന്ധ്യതാ ചികിത്സ) വിഭാഗത്തിൽ 2 പി.ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്ക് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഇന്ത്യയിൽതന്നെ മൂന്നാമതായും സർക്കാർ മേഖലയിൽ ആദ്യവുമായാണ് എസ്.എ.ടിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ പി.ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റിന് അനുമതി ലഭിക്കുന്നത്. ഇതോടെ കൂടുതൽ പഠനങ്ങൾ നടക്കാനും വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും കഴിയുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.100 ലധികം പേർക്കാണ് എസ്.എ.ടിയിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫിലൂടെ (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞത്. സ്വകാര്യ മേഖലയിൽ വളരെയധികം ചെലവുള്ള ഐ.വി.എഫ് ചികിത്സ സാധാരണക്കാർക്ക് കൂടി എസ്.എ.ടി ആശുപത്രിയിലൂടെ ലഭ്യമാക്കിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അടുത്തിടെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ 2 സീറ്റും നിയോനാറ്റോളജി (നവജാത ശിശു വിഭാഗം) വിഭാഗത്തിൽ 4 സീറ്റുകൾക്കും അനുമതി ലഭിച്ചിരുന്നു. ഇപ്പോൾ 2 സീറ്റുകൾ കൂടി ലഭിച്ചതോടെ ആകെ 281 പി.ജി സീറ്റുകളാണ് മെഡിക്കൽ കോളേജിനുള്ളത്.