തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിറുത്തി സംരക്ഷിക്കാൻ എയർപോർട്ട് അതോറിട്ടി ജീവനക്കാർ നടത്തുന്ന ചരിത്രപരമായ സമരം 200 ദിവസം പിന്നിട്ടു. മുൻവർഷത്തെക്കാൾ ഒമ്പതിരട്ടി വരുമാനമുണ്ടാക്കി വൻലാഭത്തിലേക്ക് കുതിക്കുന്ന വിമാനത്താവളം അദാനി എന്റർപ്രൈസസിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് കേന്ദ്രതീരുമാനം. വിമാനത്താവളം കൈമാറുന്നത് തലസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് ജീവനക്കാർ പറയുന്നു. സമരത്തിന്റെ ഇരുനൂറാം ദിവസം ആവേശത്തിരയിളക്കി വി.എസ്. അച്യുതാനന്ദൻ സമരവേദിയിലെത്തി. വിമാനത്താവളം സംസ്ഥാന സർക്കാരിന്റേതാണെന്നും കരാർ നേടിയ അദാനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം, നടത്തിപ്പ് എന്നിവ പൂർണമായി പാട്ടത്തിൽ അദാനിക്ക് കൈമാറുകയാണ് ചെയ്യുക. നഗരമദ്ധ്യത്തിലെ 628.70 ഏക്കർ ഭൂമി അദാനിക്ക് കൈമാറുന്നതിനെ എൽ.ഡി.എഫ് ശക്തമായി എതിർക്കുകയാണ്. സ്വകാര്യവത്കരണം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയവുമായിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി കെ.എസ്.ഐ.ഡി.സി ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും നിരക്ക് കുറവായതിനാൽ കരാർ ലഭിച്ചില്ല. കെ.എസ്.ഐ.ഡി.സി ക്വോട്ട് ചെയ്ത തുക അദാനിക്ക് ചോർത്തി നൽകിയെന്ന ആരോപണവും എൽ.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. സ്വകാര്യവത്കരണത്തിനെതിരെ കെ.എസ്.ഐ.ഡി.സിയും സർക്കാരും ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഈ കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ അദാനിയുമായി കരാറൊപ്പിടാവൂ എന്ന ഇടക്കാല ഉത്തരവ് സർക്കാർ നേടിയിട്ടുണ്ട്.
സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളിൽ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം, ആരോഗ്യ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ തുടങ്ങിയ സേവനങ്ങൾ ഒഴികെയുള്ളവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. പാട്ടഭൂമിയിൽ റിയൽ എസ്റ്റേറ്റ് വികസനത്തിലാവും അദാനിയുടെ കണ്ണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. വിദേശനിക്ഷേപത്തോടെയുള്ള സൗകര്യങ്ങൾ വരുന്നതോടെ, മുടക്കുമുതൽ തിരിച്ചുപിടിക്കാൻ യൂസർഫീസ് വർദ്ധിച്ചേക്കാനിടയുണ്ട്. ഭൂമിവിട്ടുനൽകിയ 20,000 പേർ വിമാനത്താവളത്തിലും പുറത്തും ടാക്സി ഡ്രൈവർമാരായും പണിയെടുക്കുന്നുണ്ട്. ഇവരുടെ ജോലിയെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തതയില്ല.
മുൻപ് സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളിൽ തദ്ദേശീയരായ ടാക്സിക്കാരെ പുറത്താക്കി വൻകിട കമ്പനികളുടെ ടാക്സികൾ മാത്രമാക്കിയ ചരിത്രമുണ്ട്. ഗ്രൗണ്ട്ഹാൻഡ്ലിംഗിനുള്ള എയർഇന്ത്യ-സാറ്റ്സ് കമ്പനിയിൽ 1200 ജീവനക്കാരുണ്ട്. മുൻപ് സ്വകാര്യ കരാറുകാർ ഇവരെ പിരിച്ചുവിട്ട അനുഭവമുണ്ട്. എയർപോർട്ട് അതോറിട്ടി ജീവനക്കാരുടെ കാര്യത്തിലും കടുത്ത ആശങ്കയാണ്. സ്വകാര്യവത്കരിക്കുന്ന ആറ് വിമാനത്താവളങ്ങളിലെയും ജീവനക്കാർ എയർപോർട്ട് അതോറിട്ടിയുടെ ജീവനക്കാരായി തുടരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിക്കുന്നത്. അസിസ്റ്റന്റ് മാനേജർ വരെയുള്ളതിൽ 60 ശതമാനം ജീവനക്കാർക്ക് സ്വകാര്യ കമ്പനി 90 ദിവസത്തിനകം ജോലി വാഗ്ദാനം ചെയ്യണം. നിലവിൽ എയർപോർട്ട് അതോറിട്ടി അനുവദിച്ചിട്ടുള്ളതിനെക്കാൾ താഴ്ന്നതാവരുത് വ്യവസ്ഥകൾ. കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കുന്നവർ ഒഴികെയുള്ള ജീവനക്കാർ എയർപോർട്ട് അതോറിട്ടിയുടെ ജീവനക്കാരായി തുടരും. ഇവരെ അതോറിട്ടി പുനർവിന്യസിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യും. കമ്പനിയുടെ ജോലി വാഗ്ദാനം നിരസിക്കുന്ന ജീവനക്കാർക്കും 3 വർഷത്തേക്ക് ആനുകൂല്യങ്ങൾ നൽകേണ്ട ബാദ്ധ്യത കമ്പനിക്കാണ്.
വിമാനത്താവളത്തിന്റെ സ്ഥിതി
മുൻവർഷത്തെക്കാൾ വൻവരുമാനമുണ്ടാക്കി ലാഭത്തിൽ. 5 മില്യൺ യാത്രക്കാർ വരെയുള്ള വിമാനത്താവളങ്ങളിൽ ഏറ്റവുമധികം ലാഭത്തിൽ. 2016-17ൽ 19 കോടിയായിരുന്ന ലാഭം ഇക്കൊല്ലം 169 കോടിയായി കുതിച്ചുയർന്നു. കഴിഞ്ഞവർഷം 270 കോടിയായിരുന്ന വരുമാനം 363 കോടിയായി റെക്കാഡിട്ടു. വിമാന സർവീസുകളുടെ എണ്ണം 29000ൽ നിന്ന് 34000 ആയി, യാത്രക്കാർ 44 ലക്ഷം
കേന്ദ്ര സർക്കാരിന്റെ നേട്ടം
തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും പ്രതിമാസം 168 രൂപ വീതം അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകാമെന്നാണ് കരാർ വ്യവസ്ഥ. വിമാനത്താവളത്തിന്റെ വികസനത്തിന് ഒരു നിക്ഷേപവും നടത്താതെ സ്വകാര്യവത്കരണത്തിലൂടെ പ്രതിവർഷം 1000 കോടി രൂപ പാട്ടത്തുകയായി എയർപോർട്ട് അതോറിട്ടിക്ക് ലഭിക്കും.
സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. സ്വകാര്യ ഏജൻസിക്ക് കൈമാറാനുള്ള നടപടികൾ നിറുത്തിവച്ച് നടത്തിപ്പ് ചുമതല സർക്കാരിന് നൽകണം. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരണം.
പിണറായി വിജയൻ, മുഖ്യമന്ത്രി
ജനങ്ങൾ ഇളകണം: വി.എസ്
തിരുവനന്തപുരം: വിമാനത്താവളം അദാനിക്ക് തീറെഴുതുന്നതിനെതിരെ ജനങ്ങൾ ഇളകണമെന്നും വലിയ പ്രക്ഷോഭം ഉയർന്നുവരണമെന്നും വി.എസ്. അച്യുതാനന്ദൻ. 200 ദിവസമായ വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയതായിരുന്നു വി.എസ്. ബി.ജെ.പിയുടെ കാശ് ഇറക്കുകാരിൽ പ്രധാനിയാണ് അദാനി. കേരളത്തിലെ ജനങ്ങളാകെ യോജിച്ച് അണിചേർന്നാൽ ഒരു കുത്തക മുതലാളിക്കും ഈ മതിൽക്കെട്ട് കടക്കാൻ കഴിയില്ല. വിമാനത്താവളം നടത്താൻ സർക്കാർ സന്നദ്ധത അറിയിച്ചതാണ്. കേരള ജനതയുടെ അഭ്യർത്ഥനയ്ക്ക് നരേന്ദ്രമോദി പുല്ലുവിലയാണ് നൽകിയത്. എയർപോർട്ട് അദാനിക്ക് നൽകിയാൽ കേരളത്തിന്റെ ഒരു സഹകരണവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് മാറ്റരുത്. 2017-18ൽ 170 കോടി ലാഭമുണ്ടാക്കിയ വിമാനത്താവളത്തിൽ കഴിഞ്ഞവർഷം 45 ലക്ഷം യാത്രക്കാരുമുണ്ടായി. മൊത്തം വളർച്ചയിൽ മുൻവർഷത്തെക്കാൾ 14 ശതമാനം അധികം. ഈ നല്ല ശർക്കരക്കുടം നോക്കി വെള്ളമിറക്കി നിൽക്കുകയാണ് അദാനി. വിമാനത്താവള വികസനത്തിന് 18 ഏക്കർ കൈമാറണമെന്ന് എയർപോർട്ട് അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയിലാണ് അദാനിയുടെ വരവ്. അദാനി ഗോപി വരയ്ക്കുകയേ ഉള്ളൂ. ഇവിടെ നിന്ന് ഒരു സെന്റ് കിട്ടുമെന്ന് കരുതേണ്ട. സമരസമിതി കൺവീനർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അജിത്കുമാർ, പ്രസിഡന്റ് കെ.പി. സുരേഷ്, സെയ്ഫുദ്ദീൻ ഹാജി, സുനിൽ എന്നിവർ സംസാരിച്ചു.