doctors-strike

തിരുവനന്തപുരം: ബംഗാളിലെ ആൾക്കൂട്ട മർദ്ദനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ ഇന്നലെ നടത്തിയ സമരത്തിൽ രോഗികൾ വലഞ്ഞു. ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി. രോഗികൾ മണിക്കൂറുകളോളം കാത്തു നിന്നു. സമരം നേരിടാൻ അധികൃതർ ബദൽക്രമീകരണം ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഐ.എം.എയ്ക്കൊപ്പം കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, കെ.ജി.ഐ.എം.ഒ.എ, കെ.ജി.എസ്.ഡി.എ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. കറുത്ത ബാഡ്‌ജ് ധരിച്ചെത്തി. ഡോക്ടർമാർ രാവിലെ രണ്ട് മണിക്കൂർ ഒ.പിയും ബഹിഷ്‌കരിച്ചു.

അത്യാഹിത വിഭാഗം പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയർ ഡോക്‌ടർമാർ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്. എമർജൻസിയൊഴികെയുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനം തടസപ്പെട്ടു.

സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂറായിരുന്നു സമരം. ഒ.പി നിശ്ചലമായി. നേരത്തേ ബുക്ക് ചെയ്‌തിരുന്ന രോഗികൾക്കും ചികിത്സ കിട്ടിയില്ല. ഇവിടങ്ങളിൽ ഇന്ന് രാവിലെ ആറ് വരെ ഒ.പി പ്രവർത്തിക്കില്ല. എന്നാൽ ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ രാവിലെ 10 മുതൽ 11 വരെ ഒ.പി, അദ്ധ്യാപനം, ലാബ് ജോലികൾ എന്നിവ ബഹിഷ്‌കരിച്ചു. മെഡിക്കൽ വിദ്യാർത്ഥികളും ജൂനിയർ ഡോക്ടർമാരും പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാനത്തെ മുഴുവൻ ക്ലിനിക്കുകളും അടച്ചിട്ടു.

രാജ്ഭവനിലേക്കും വിവിധ കളക്ടറേറ്റിലേക്കും പ്രതിഷേധ ധർണ നടത്തി. രാജ്ഭവനു മുന്നിൽ നടന്ന ധർണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നുഹു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. വിജയ കൃഷ്ണൻ, ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനുപമ, ഐ.എം.എ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക് ദേശീയ ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. അഭിലാഷ് .ജി.എസ്, ഡോ. സുർജിത്ത് രവി, ഡോ. അലക്‌സ്, ഡോ. കെ. ജയകുമാർ, ഡോ. ടി. സുധീഷ് കുമാർ, ഡോ. എ. രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.