maruthoor

നെയ്യാറ്റിൻകര: സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇരുപത് ദിവസം മുൻപ് നഗരസഭാധികൃതർ ശുചീകരിച്ച മരുത്തൂർ തോട്ടിൽ വീണ്ടും മാലിന്യം നിറയുന്നു. ടൗൺ മാർക്കറ്റിലെ കശാപ്പ് ശാലകളിൽ നിന്നുള്ള മാലിന്യമാണ് ഇപ്പോഴും പ്രധാനമായും തോട്ടിലേക്ക് കൊണ്ടിടുന്നത്. മാലിന്യം മാറ്റിയെങ്കിലും ഇനി മാലിന്യം കൊണ്ടിടാതിരിക്കാൻ അധികൃതർ യാതൊന്നും ചെയ്യാത്തതാണ് ഈ ദുർവിധിക്ക് കാരണം.

തോട്ടിന്റെ സംരക്ഷണഭിത്തി തകർത്താണ് മാലിന്യം ചാക്കുകളിൽ നിറച്ച് കൊണ്ടിടുന്നത്. മലിനജലം ഒഴുക്കി വിടുന്നതും അതിലൂടെയാണ്. പുറമേ നിന്നുള്ള ആൾക്കാരും രാത്രി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം മരുത്തൂർ തോട്ടിൽ കൊണ്ടിടുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കാൻ റസിഡന്റ്സ് അസോസിയേഷനുകളോ മറ്റ് സാമൂഹ്യസംഘടനകളോ രംഗത്തെത്തുന്നില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നദീസംരക്ഷണം ഉൾപ്പെടെ നഗര ശുചീകരണ പദ്ധതിയുണ്ടെങ്കിലും അതും പ്രാവർത്തികമല്ലെന്ന് നാട്ടുകാർ പറയുന്നു. തോട്ടിൽ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്കുകളും അതിന് മീതെ പാഴ്ച്ചെടികളും വളർന്ന് സാമൂഹിക വിപത്തായി മാറിയതിനെ തുടർന്നായിരുന്നു മുന്തിയ പരിഗണന നൽകി തോട് നവീകരിക്കാൻ നഗരസഭ തീരുമാനിച്ചത്. തുടർന്നായിരുന്നു ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ശുചീകരണം ആരംഭിച്ചത്. പക്ഷേ അതൊക്കെ വെറുതെയായ അവസ്ഥയാണ് ഇപ്പോൾ.

ശുദ്ധജല പദ്ധതികൾക്കും ഭീഷണി

നെയ്യാറിൽ വന്നു ചേരുന്ന മരുത്തൂർ തോടിലൂടെ ഒഴുകിയെത്തുന്ന മലിനജലമാണ് ശുദ്ധജല പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. അതീവ ജാഗ്രത വേണ്ട ജലസംഭരണം വൃത്തിഹീനമായ തരത്തിൽ തുടർന്നാൽ പകർച്ചവ്യാധികൾ പിടിപെടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നഗരസഭയും സമീപ ഗ്രാമപഞ്ചായത്തുകളും ചേർന്ന് 'ശുദ്ധജലം' സംഭരിക്കുവാനായി പദ്ധതി ആവിഷ്കരിച്ചിട്ടില്ല. എന്നാൽ ഹരിതമിഷന് സമാനമായ ഒട്ടനവധി പദ്ധതികളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.