suraksha

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി നടപ്പിലാക്കി വരുന്ന സുരക്ഷ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കണ്ടെത്തിയ ആരും പരിചരിക്കുവാനും സംരക്ഷിക്കുവാനും ഇല്ലാത്തവർക്കായി ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത് പുനരധിവാസ കേന്ദ്രം തുറക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് പറഞ്ഞു. വാർഡ് തലങ്ങളിൽ സുരക്ഷയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ചേർന്ന പഞ്ചായത്തുതല അവലോകന യോഗം കിഴുവിലം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ചൊവ്വാഴ്ചയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഒരു വിദഗ്ദ്ധ മാനസിക ഡോക്ടറുടെ നേതൃത്വത്തിൽ സൈക്യാട്രിക് ക്ലീനിക്ക് പ്രവർത്തിക്കുന്നുണ്ട്. വാർഡുതല യോഗങ്ങൾ ചേർന്ന് പ്രവർത്തനം കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോഓർഡിനേറ്റർ ആർ.കെ. ബാബു പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ചന്ദ്രൻ, കിഴുവിലം മെഡിക്കൽ ഓഫീസർ ഡോ. ദീപ രവി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരീഷ് കുമാർ, സാംബൻ, ഉണ്ണികൃഷ്ണൻ, ഷാജഹാൻ, ശ്യാമളയമ്മ, വനജകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേബി സജനി, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, കൗൺസിലർ, വിചിത്ര, പഞ്ചായത്ത് കോഓർഡിനേറ്റർ സുധീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാലാനന്ദൻ സ്വാഗതവും കൗൺസിലർ ചിത്തുനന്ദിയും പറഞ്ഞു.