തിരുവനന്തപുരം : എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പിടിച്ചടക്കാൻ സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും സംശയമുള്ളവർക്ക് തുറന്ന മനസോടെ ചർച്ചയ്ക്ക് വരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയുടെ ഡോ. കെ.ആർ. നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെ ചില കോർപറേറ്റ് ശക്തികൾ വ്യാജപ്രചാരണം നടത്തുകയാണ്. യാഥാർത്ഥ്യം മനസിലാക്കാതെയുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണ്. വിദ്യാഭ്യാസമേഖലയെ കാലാനുസൃതമായി നവീകരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. അതിൽ നിന്ന് പിന്നോട്ടില്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയപ്പോഴും എയ്ഡഡ് മേഖലയെ തകർക്കുകയാണെന്ന് ഇക്കൂട്ടർ മുറവിളി കൂട്ടി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. സമാനമായ നിലപാടാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടപ്പാക്കുന്നത്. പഠനം പൂർത്തിയാക്കിയാൽ കൃത്യമായി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് വിദ്യാർത്ഥികളുടെ തുടർ പഠനത്തെ ബാധിച്ചു. സ്കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരെ ഒരേ ദിവസം ക്ളാസ് തുടങ്ങുന്നതും മികവ് മാത്രം ലക്ഷ്യമിട്ടാണ്.
മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സർവകലാശാല സംഭാവന നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസലർ മുഖ്യമന്ത്രിക്ക് കൈമാറി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും കാന്റീൻ കോംപ്ലക്സിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയും നിർവഹിച്ചു. പ്രളയകാലത്ത് സർവകലാശാല നടത്തിയ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുള്ള ബുക്ക് വി.എസ്. ശിവകുമാർ എം.എൽ.എ പ്രകാശനം ചെയ്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, ഡോ. ആർ. ലതാദേവി, ഡോ. എസ്. നസീബ്, ജെ.എസ്. ഷിജുഖാൻ, ജി .സുഗുണൻ, എം. ലെനിൻലാൽ, എം. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.