വർക്കല: കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ലക്ഷ്യമിട്ട് 2012ൽ ആരംഭിച്ച ജലശ്രീ പദ്ധതി താലൂക്കിൽ ലക്ഷ്യം കാണാതെ പോയി.
താലൂക്കിലെ കുടിവെള്ളകിണറുകളിൽ അംമ്ലം, ക്ഷാരം, ഇരുമ്പ് എന്നിവയുടെ അളവും മാരക രോഗവാഹികളായ കോളിഫോം-ഇ, കോളി ബാക്ടീരിയകളുടെ തോതും പരിശോധിക്കാൻ പദ്ധതി വഴി സാധിക്കുമായിരുന്നു.
2014 ഫെബ്രുവരി 1 മുതൽ ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകമാനമുള്ള ഭവനങ്ങളിലും പൊതു സ്വകാര്യസ്ഥാപനങ്ങളിലും ജലസംരക്ഷണ സന്ദേശം എത്തിക്കുമെന്നും സി.സി.ഡിയുവിൽ നിന്നും 750 രൂപ നിരക്കിൽ ലഭിക്കുന്ന തെറാഫിൻ ഫിൽടർ പഞ്ചായത്ത് തലത്തിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
വാർഡൊന്നിന് 100 കിണർ വീതം പരിപോഷിപ്പിക്കുവാനുള്ള കിറ്റുകൾ ജലശ്രീ പദ്ധതി വഴി ഗ്രാമപഞ്ചായത്തുകൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഒരു കിറ്റുപയോഗിച്ച് പരമാവധി 100 ജലസാമ്പിളുകൾ വരെ പരിശോധിക്കുവാൻ കഴിയും. കിണറൊന്നിന് അഞ്ചു രൂപ നിരക്കിൽ തനതുഫണ്ടിൽ നിന്നും പ്രതിഫലതുക വകയിരുത്തി ആശാ പ്രവർത്തകരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി വിജയപ്രദമായി നടപ്പിലാക്കുവാൻ ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിഞ്ഞതുമില്ല.
പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയാണെന്നിരിക്കെ ജലസംരക്ഷണത്തിൽ ഗുരുതരമായ വീഴ്ചയാണ് താലൂക്കിലെ പ്രാദേശിക ഭരണകൂടങ്ങൾ കാട്ടുന്നത്. ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നെങ്കിൽ കുടിവെള്ളക്ഷാമത്തിനും ഗുണനിലവാരമുള്ള ജലം ലഭ്യമാക്കുന്നതിനും കഴിയുമായിരുന്നു എന്നാണ് പൊതു സമൂഹത്തിന്റെ വിലയിരുത്തൽ.