നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ഇരുമ്പിൽ ശാഖ പ്രസിഡന്റ് ശ്രീകുമാറിനും കുടുംബത്തിനും ഇനി മഴ നനയാതെ ഉറങ്ങാം. ശ്രീകുമാർ - ശ്രീലത ദമ്പതികൾക്ക് ഇരുമ്പിൽ ഗുരുമന്ദിരത്തിനു സമീപത്തായി ഒരുങ്ങിയ വീട് ഇന്നലെ വൈകിട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നു നൽകി. ഒരു വർഷംകൊണ്ട് നിർമ്മിച്ച ഗുരുപ്രസാദം എന്ന് പേരിട്ട വീടിന്റെ താക്കോൽദാനമാണ് വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചത്. കൂലിപ്പണിക്കാരനായ ശ്രീകുമാർ ഇരുമ്പിൽ ശാഖാ രൂപീകരണത്തിനും ശാഖാ പ്രവർത്തനത്തിനും എപ്പോഴും മുന്നിലായിരുന്നു. ഭാര്യ ശ്രീലത രോഗബാധിതയാണ്. ഇവർക്ക് ആനന്ദ് (19) ആര്യ (17) എന്നീ രണ്ട് മക്കളാണുള്ളത്. ചോർന്നൊലിക്കുന്ന വീടായിരുന്നു ഇവരുടേത്. യൂണിയൻ സെക്രട്ടറിയായ ആവണി ശ്രീകണ്ഠനാണ് കെട്ടിടം നിർമ്മിച്ചത്. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, അഡ്വ.എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, വനിതാ സംഘം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ, ശാഖാ സെക്രട്ടറി വി. ഷിബു തുടങ്ങിയവർ പങ്കെടുത്തു. ആവണി ശ്രീകണ്ഠൻ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ ഭവനമാണിത്.